അരങ്ങേറ്റം ഗംഭീരമാക്കി ബെന്‍ മാനെന്റി, സിക്സേര്‍സിനു 33 റണ്‍സ് വിജയം

Sports Correspondent

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ മികച്ച വിജയം നേടി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സ് 132/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ റെനഗേഡ്സ് 99/9 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. 33 റണ്‍സിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ബിഗ് ബാഷിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരമായ ബെന്‍ മാനെന്റിയുടെ പ്രകടനമാണ് സിക്സേര്‍സിന്റെ വിജയം ഉറപ്പാക്കിയത്.

സിക്സേര്‍സ് നിരയില്‍ ആരും തന്നെ വലിയ സ്കോര്‍ നേടാതിരുന്നപ്പോള്‍ ജോര്‍ദ്ദന്‍ സില്‍ക്ക് 30 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ടോം കറന്‍ 23 റണ്‍സ് നേടിയ പുറത്താകാതെ നിന്നപ്പോള്‍ മോസസ് ഹെന്‍റികെസ്(20), ജോഷ് ഫിലിപ്പെ(20) എന്നിവരുടെയും ബാറ്റിംഗ് മികവില്‍ സിക്സേര്‍സ് 132/7 എന്ന സ്കോറിലേക്ക് എത്തി. റെനഗേഡ്സിനു വേണ്ടി കെയിന്‍ റിച്ചാര്‍ഡ്സണ്‍ മൂന്നും ജാക്ക് വെല്‍ഡര്‍മത്ത് രണ്ടും വിക്കറ്റ് നേടി.

ടോം കറന്‍(3), ഷോണ്‍ അബോട്ട്(2), സ്റ്റീവ് ഒക്കേഫെ(2), ബെന്‍ മാനെന്റി(2) എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് സിക്സേര്‍സിന്റെ വിജയം ഉറപ്പാക്കിയത്. 30 റണ്‍സ് നേടിയ മക്കെന്‍സി ഹാര്‍വിയ്ക്ക് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധ്യമാകാതെ പോയപ്പോള്‍ മെല്‍ബേണ്‍ റെനഗേഡ്സിനു 99/9 എന്ന സ്കോറിലേക്ക് എത്തുവാനെ സാധിച്ചുള്ളു. തന്റെ നാലോവറില്‍ വെറും 13 റണ്‍സ് നല്‍കി 2 വിക്കറ്റ് വീഴ്ത്തിയ ബെന്‍ മാനെന്റിയാണ് കളിയിലെ താരം.