യുവേഫ നാഷൺസ് ലീഗിൽ നാടകീയ മത്സരം. ഇന്ന് ബെൽജിയത്തെ നേരിട്ട സ്വിറ്റ്സർലാന്റിന് സെമി ഫൈനലിൽ എത്തണമെങ്കിൽ ചുരിങ്ങിയത് രണ്ട് ഗോൾ വ്യത്യാസത്തിൽ എങ്കിലും ബെൽജിയത്തെ തോൽപ്പിക്കണമായിരുന്നു. അല്ലായെങ്കിൽ ബെൽകിയം സെമിക്ക് യോഗ്യത നേടും. കളി തുടങ്ങി 17 മിനുറ്റ് കഴിഞ്ഞപ്പോൾ സ്വിറ്റ്സർലാന്റ് രണ്ട് ഗോളിന് പിറകിൽ. ബെൽജിയത്തിനായി തോർഗാൻ ഹസാർഡിന്റെ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് ആദ്യ 17 മിനുട്ടിൽ പിറന്നത്.
കളിയും സെമി ഫൈനൽ സ്വപ്നങ്ങളും സ്വിറ്റ്സർലാന്റ് പക്ഷെ അതോടെ കൈവിട്ടില്ല. 26ആം മിനുട്ടിൽ കിട്ടിയ ഒരു പെനാൾട്ടി സ്വിസ്സ് ടീമിന് പ്രതീക്ഷ നൽകി. റോഡ്രിഗ്സ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സ്കോർ 2-1 ആക്കി. 31ആം മിനുട്ടിൽ വീണ്ടും കോർതോയെ മറികടന്ന് സ്വിറ്റ്സർലാന്റ് വലകുലുക്കി. ഇത്തവണ ബെൻഫികയുടെ സ്ട്രൈക്കർ സെഫെരോവിച് ആയിരുന്നു സ്കോറർ. കളി 2-2 എന്ന നിലയിൽ.
ഹാഫ് ടൈം വിസിൽ മുഴങ്ങും മുമ്പ് സെഫെരോവിച് വീണ്ടും വല ചലിപ്പിച്ചു. സ്കോർ 3-2. ലീഡിൽ എത്തിയതോടെ രണ്ടു ഗോൾ വ്യത്യാസത്തിൽ ഉള്ള ജയവും സെമി ഫൈനലും സ്വിറ്റ്സർലാന്റ് ടീമിന്റെ മനസ്സിൽ വന്നു. കളിയുടെ 62ആം മിനുട്ടിൽ എല്വേദിയുടെ സ്ട്രൈക്കിൽ സ്കോർ 4-2. സ്വിറ്റ്സർലാന്റ് സെമിക്ക് യോഗ്യത നേടും എന്ന നിലയിൽ. നാലടിച്ചിട്ടും അറ്റാക്കിംഗ് നിർത്താൻ സ്വിസ്സ് ടീം തയ്യാറായില്ല.
84ആം മിനുട്ടിൽ 5ആം ഗോളും പിറന്നു. സെഫെരോവിച് തന്റെ ഹാട്രിക്ക് തികച്ചു. സ്വിറ്റ്സർലാന്റിന് യുവേഫ നാഷൺസ് ലീഗിന്റെ സെമി യോഗ്യതയും.