ബെൽജിയം ടീമിന് പ്രായമാവുക ആണെന്ന കെവിൻ ഡി ബ്രുയിനെയുടെ വാക്കുകൾ സത്യാമാണെന്ന് തെളിയുന്ന കാഴ്ചയാണ് ഇന്ന് ഖത്തറിൽ കണ്ടത്. മൊറോക്കോയ്ക്ക് മുന്നിൽ വേഗതയില്ലാതെ കിതച്ച ബെൽജിയം പരാജയം ഏറ്റുവാങ്ങി കളം വിടേണ്ടി വന്നു. മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് മൊറോക്കോ ഇന്ന് നേടിയത്. മൊറോക്കോയുടെ 1998 ലോകകപ്പിന് ശേഷമുള്ള ആദ്യ ലോകകപ്പ് വിജയമാണിത്.
ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്ക് എതിരെ മികച്ച അച്ചടക്കത്തോടെ കളിച്ച മൊറോക്കോ ഇന്നും ആ ടാക്ടിക്സ് ആണ് തുടർന്നത്. പന്ത് ബെൽജിയത്തിന് കൊടുത്ത് അവർ അവരുടെ ഷൈപ്പ് സൂക്ഷിച്ചു. ബെൽജിയത്തിൽ നിന്ന് ഒരു വെല്ലുവിളിയും ഉയർന്നില്ല.
ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് നൊറോക്കോയ്ക്ക് ലഭിച്ചു. സിയെചിന്റെ ഇടം കാലൻ ഫ്രീകിക്ക് വലയിൽ കയറി ആഘോഷവും കഴിഞ്ഞു. പക്ഷെ അതിനു ശേഷം നീണ്ട VAR പരിശോധനക്ക് ശേഷം ആ ഗോൾ ഓഫ്സൈഡ് എന്ന് വിധിച്ചു.
രണ്ടാം പകുതിയിലും മൊറോക്കോയിൽ നിന്ന് ആണ് നല്ല ഫുട്ബോൾ കാണാൻ കഴിഞ്ഞത്. അവസാനം 73ആം മിനുട്ടിൽ മൊറോക്കോ അവർ അർഹിച്ച ലീഡ് നേടി. 83ആം മിനുട്ടിൽ സബിരി എടുത്ത ഫ്രീകിക്ക് കോർതോയെ ഞെട്ടിച്ചു. കോർതതോയുടെ മുന്നിൽ പിച്ച് ചെയ്ത് പന്ത് വലയിൽ. സ്കോർ 1-0. ഈ ലോകകപ്പിലെ ഡയറക്ട് ഫ്രീകിക്കിൽ നിന്ന് ഉള്ള ആദ്യ ഗോളായി ഇത്.
ഈ ഗോളിന് ശേഷം ബെൽജിയൻ ലുകാകുവിനെ കളത്തിൽ ഇറക്കി നോക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. അവസാനം ഇഞ്ച്വറി ടൈമിൽ അബുകലാലിലൂടെ മൊറോക്കോ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.
2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൊറോക്കോയ്ക്ക് 4 പോയിന്റ് ആണുള്ളത്. ബെൽജിയത്തിന് 3 പോയിന്റും. അവസാനം മത്സരത്തിൽ മൊറോക്കോ കാനഡയെയും ബെൽജിയം ക്രൊയേഷ്യയെയും നേരിടും.