മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ലെറോയ് സാനെയെ ജർമ്മനിയിൽ തിരികെയെത്തിക്കാൻ ശ്രമം തുടങ്ങി ബയേൺ മ്യൂണിക്ക്. അഞ്ച് വർഷത്തെ കരാറിൽ സാനെയെ സ്വന്തമാക്കാനാണ് ബയേൺ ശ്രമിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ 100 മില്ല്യൺ യൂറോ വിലയിട്ടിരുന്ന സാനെക്ക് വേണ്ടി 40മില്ല്യൺ യൂറോയുടെ ഓഫറാണ് ബയേൺ ആദ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
ട്രാൻസ്ഫർ തുക 60-70 മില്ല്യൺ യൂറോയിലേക്ക് ചുരുങ്ങുമെന്നാണ് ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. ഷാൽകെ അക്കാദമി പ്രൊഡക്റ്റായ സാനെ 2016ലാണ് 37 മില്ല്യൺ യൂറോയ്ക്ക് പ്രീമിയർ ലീഗിലേക്ക് ചുവട് മാറിയത്. മാൻ സിറ്റിയോടൊപ്പം രണ്ട് തവണ പ്രീമിയർ ലീഗും രണ്ട് വീതം തവണ കമ്മ്യുണിറ്റി ഷീൽഡും കർബാവോ കപ്പും നേടിയിട്ടുണ്ട്. 2015ൽ ജർമ്മനിക്ക് വേണ്ടി ബൂട്ടണിയാൻ തുടങ്ങിയ സാനെ കോൺഫെഡറേഷൻ കപ്പ് ജേതാവ് കൂടിയാണ്. ലെറോയ് സാനെയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിലെത്തിക്കുക എന്നത് പ്രയോരിറ്റിയാക്കിയിരിക്കുകയാണ് സ്പോർട്ടിംഗ് ഡയറക്ടർഹസൻ സാലിഹാമിഷും ഡയറക്ടർ ഒളിവർ കാനും.