ബയേൺ മ്യൂണിക്കിന്റെ ഈ ചാമ്പ്യൻസ് ലീഗ് കിരീട യാത്രയ്ക്ക് ഒരു വലിയ പ്രത്യേകത ഉണ്ട്. ഇതുവരെ ഒരു ടീമിനും സാധിക്കാത്ത കാര്യം. ചാമ്പ്യൻസ് ലീഗിലെയോ യൂറോപ്യൻ കപ്പിലെയോ ഒരു സീസണിലെ എല്ലാ മത്സരങ്ങളും വിജയിച്ച് കൊണ്ട് ഒരു കിരീടം. ആർക്കും അതായിരുന്നില്ല. എന്നാൽ ബയേൺ ഇന്ന് അങ്ങനെ ഒരു അപൂർവ്വ നേട്ടം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടം മുതൽ ഇങ്ങ് കിരീടം വരെ ഒരു മത്സരം പോലും ബയേൺ ജയിക്കാതിരുന്നില്ല.
3-0ന് റെഡ് സ്റ്റാറിനെ തോൽപ്പിച്ച് കൊണ്ടായിരുന്നു ബയേൺ ഈ സീസൺ ചാമ്പ്യൻസ് ലീഗ് തുടങ്ങിയത്. അതിനു ശേഷം അവർക്ക് മുന്നിൽ വന്നവരെല്ലാം പരാജയം ഏറ്റു വാങ്ങി. ചിലരെല്ലാം വളരെ വലിയ പരാജയങ്ങൾ. ടോട്ടനം 7-2ന് പരാജയപ്പെട്ടു, റെഡ്സ് സ്റ്റാർ 6-0ന്, ചെൽസി രണ്ട് പാദങ്ങളിലായി 7-1ന്, ബാഴ്സലോണ 8-2 എന്നിങ്ങനെ വലിയ വിജയങ്ങളുടെ പരമ്പര തന്നെ ഇത്തവണത്തെ ബയേൺ കിരീട യാത്രയിൽ ഉണ്ടായിരുന്നു.
ടൂർണമെന്റിൽ ആകെ കളിച്ച 11 മത്സരങ്ങളിൽ 43 ഗോളുകളാണ് ബയേൺ അടിച്ചു കൂട്ടിയത്. തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം റെക്കോർഡുകൾ തിരുത്തിക്കൊണ്ടാണ് നേടിയത് എന്ന സന്തോഷവും ബയേണ് ഉണ്ടാകും.