ജർമ്മൻ കപ്പ് ഫൈനലിൽ കടന്ന് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയതാണ് ബയേൺ ബെർലിനേക്കുള്ള ബർത്ത് ബുക്ക് ചെയ്തത്. ഇത് 24ആം തവണയാണ് ബയേൺ ഫൈനലിൽ കടക്കുന്നത്. ബയേണിന് വേണ്ടി ഇവാൻ പെരിസിചും റോബർട്ട് ലെവൻഡോസ്കിയും ഗോളടിച്ചു. ഫ്രാങ്ക്ഫർട്ടിന്റെ ആശ്വാസ ഗോൾ നേടിയത് ഡാനി ഡ കോസ്റ്റയാണ്. ബെർലിനിൽ ഫൈനൽ നടക്കുമ്പോൾ ബയേണിന്റെ എതിരാളികൾ ബയേർ ലെവർകൂസനാണ്.
ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ അറ്റാക്ക് ചെയ്താണ് ബയേൺ കളി തുടങ്ങിയത്. മുള്ളറിന്റെയും ലെവൻഡോസ്കിയുടേയും ശ്രമങ്ങൾ ആദ്യം പരാജയപ്പെട്ടെങ്കിലും മുള്ളറിന്റെ ക്രോസ് ഡൈവിംഗ് ഹെഡറിലൂടെ പെരിസിച് ഗോളാക്കി മാറ്റി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഈഗിൾസ് ഡാനി ഡ കോസ്റ്റയിലൂടെ സമനില ഗോൾ നേടി. ഫ്രാങ്ക്ഫർട്ട് പ്രതിരോധ നിരയിലെ കൺഫ്യൂഷൻ മുതലെടുത്ത ബയേൺ ലെവൻഡോസ്കിയിലൂടെ വിജയഗോളും നേടി. വാറിന്റെ ഇടപെടൽ നടന്ന ഗോളിന് വഴിയൊരിക്കിയത് ജോഷ്വാ കിമ്മിഷാണ്. ജൂലൈ നാലിനാകും ബെർലിനിൽ ഫൈനൽ നടക്കുക. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ബയേൺ ഫൈനലിൽ കടക്കുന്നത്.