ബയേണും ചെൽസിയും തമ്മിലുള്ള അന്തരം വ്യക്തമാക്കി ചാമ്പ്യൻസ് ലീഗ്. ലണ്ടനിൽ സ്വന്തം മൈതാനത് കളിച്ച ചെൽസി എതിരില്ലാത്ത 3 ഗോളിനാണ് തോറ്റത്. രണ്ടാം പാദത്തിൽ ഇനി അമിത പ്രതീക്ഷകൾ ഇല്ലാതെ അവർക്ക് മ്യുണിക്കിലേക്ക് വണ്ടി കയറാം. കളിയുടെ സർവ്വ മേഖലകളിലും ആധിപത്യം പുലർത്തിയാണ് ബയേണിന്റെ ജയം. സെർജ് ഗ്നാബ്രി നേടിയ ഇരട്ട ഗോളുകളാണ് കളിയിൽ നിർണായകമായത്.
ലീഗിൽ സ്പർസിന് എതിരെ ജയം നേടിയ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ലെതെയാണ് ലംപാർഡ് സ്വന്തം മൈതാനത്ത് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ കളി നിയന്ത്രിച്ച ബയേണിന് ഏതാനും മികച്ച അവസരങ്ങളും ലഭിച്ചു. ലവാൻഡസ്കിയുടെ രണ്ടു മികച്ച ഷോട്ടുകൾ ആണ് ചെൽസി ഗോളി കാബയേറോ തട്ടി അകറ്റിയത്. മുള്ളറിന്റെ ഹെഡർ ബാറിൽ തട്ടി മടങ്ങിയതും ചെൽസിക്ക് ഭാഗ്യമായി. ചെൽസി കൃത്യമായ അവസരങ്ങളിൽ ഗോളിലേക്ക് ശ്രമങ്ങൾ നടത്തിയെങ്കിലും നൂയറിന്റെ സേവുകൾ അവർക്ക് തടസമായി. ഇതിൽ അലോൻസോയുടെ മികച്ച ഷോട്ട് ഗോളാകാതെ പോയത് അവർക്ക് നിർഭാഗ്യമായി.
രണ്ടാം പകുതിയിൽ പക്ഷെ ബയേണിന്റെ വേഗതക്ക് മുൻപിൽ ചെൽസി മുട്ട് മടക്കി. 52 ആം മിനുട്ടിൽ ലെവൻഡസ്കിയുടെ പാസിൽ നാബ്രി ചെൽസി വല കുലുക്കി. വൈകാതെ ഇതേ സഖ്യമായി തന്നെ അവർ വീണ്ടും ചെൽസി വല കുലുക്കി. സ്കോർ 54 ആം മിനുട്ടിൽ 0-2. പിന്നീട് 76 ആം മിനുട്ടിൽ അൽഫോൻസോ ഡേവിസിന്റെ വേഗതക്ക് മുൻപിൽ ചെൽസി വീണു. താരത്തിന്റെ അസിസ്റ്റിൽ ലെവൻഡോസ്കി സ്കോർ 0-3 ആയി ഉയർത്തി. 83 ആം മിനുട്ടിൽ VAR മാർക്കോസ് ആലോൻസോക്ക് ചുവപ്പ് കാർഡ് കൂടെ നൽകിയതോടെ ചെൽസിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. നേരത്തെ മഞ്ഞ കാർഡ് കണ്ട ജോർജിഞ്ഞോയും അലോൻസോയും ഇനി രണ്ടാം പാദത്തിൽ ചെൽസിക്കായി കളിക്കില്ല.