വിജയവുമായി ബയേൺ ഒന്നാമത് തുടരുന്നു

Nihal Basheer

ബുണ്ടസ് ലീഗയിൽ വിജയവുമായി ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ മുള്ളർ, കോമാൻ, ഗ്നാബറി എന്നിവരാണ് ബയേണിനായി ഗോൾ കണ്ടെത്തിയത്. സീസൺ പുനരംഭിച്ച ശേഷം തുടക്കം സമനിലകളോടെ ആയിരുന്നെങ്കിലും അവസാന മത്സരങ്ങളിൽ പതിവ് ഗോളടി മികവ് വീണ്ടെടുക്കാൻ ബയേണിനായി. അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരാണ്. നിലവിൽ മൂന്ന് പോയിന്റുള്ള ലീഡ്, യൂണിയൻ ബെർലിൻ വിജയം നേടിയാൽ വീണ്ടും ഒരു പോയിന്റിലേക്ക് ചുരുങ്ങും.

20230211 214710

ദുർബലരായ എതിരാളികൾക്കെതിരെ ബയേൺ തുടക്കം മുതൽ തന്നെ പതിവ് ഫോമിൽ ആയിരുന്നു. മുസ്‌യാലയുടെ ഷോട്ട് കീപ്പരുടെ കൈകളിൽ അവസാനിച്ചപ്പോൾ കാൻസലോയുടെ പാസിൽ ചുപ്പോ മോട്ടിങ്ങിന്റെ ഹെഡർ ലക്ഷ്യം കാണാതെ പോയി. തുടർന്ന് ഗ്നാബറിക്ക് ലഭിച്ച അവസരങ്ങളും ഫലം കണ്ടില്ല. ഒടുവിൽ നാൽപതാം മിനിറ്റിൽ മുള്ളർ ആണ് സമനില പൂട്ട് പൊട്ടിച്ചത്. ബോച്ചും കോർണർ വഴി എത്തിയ ബോൾ പിറകിലോട്ടു നൽകാനുള്ള ശ്രമം പിഴച്ചപ്പോൾ സമ്മർദ്ദം ഉയർത്തിയ മുള്ളറെ തടയാൻ ബോക്‌സ് വിട്ടിറങ്ങിയ കീപ്പർക്കും ആയില്ല. ബോക്സിന് പുറത്തു നിന്നുള്ള താരത്തിന്റെ ഇടം കാലൻ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബയേൺ ലീഡ് വർധിപ്പിച്ചു. അറുപതിനാലാം മിനിറ്റിൽ കോമാൻ ആണ് ലക്ഷ്യം കണ്ടത്. മുസ്‌യാലയുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. പിന്നീട് ഗ്നാബറിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചു പട്ടിക തികച്ചു.