ഇന്നാണ് അങ്കം!! ബയേണും ബാഴ്സലോണയും ഗോദയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫുട്ബോൾ പ്രേമികളെ ആകെ ആവേശത്തിലാക്കാൻ പോകുന്ന പോരാട്ടമാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത് ജർമ്മൻ ചാമ്പ്യന്മാരായ ബയേണും ലയണൽ മെസ്സി എന്ന സൂപ്പർസ്റ്റാർ നയിക്കുന്ന ബാഴ്സലോണയും. ബയേൺ മ്യൂണിക്കിന്റെ ഗംഭീര ഫോം അവർക്ക് പ്രതീക്ഷ നൽകുമ്പോഴും മെസ്സി എന്ന ഒരൊറ്റ മനുഷ്യൻ മതി ബാഴ്സലോണക്ക് ജയിക്കാൻ എന്നത് മത്സരത്തെ പ്രവചനാതീതമാക്കുന്നു.

പ്രീക്വാർട്ടറിൽ മെസ്സിയുടെ മികവിൽ തന്നെ നാപോളിയെ വീഴ്ത്തിയാണ് ബാഴ്സലോണ ക്വാർട്ടറിലേക്ക് എത്തിയത്. പരിക്കേറ്റ് മാസങ്ങളായി വിശ്രമത്തിൽ കഴിയുക ആയിരുന്ന ഡെംബലെ തിരികെ ടീമിൽ എത്തിയതിന്റെ ഊർജ്ജം ബാഴ്സലോണക്ക് ഉണ്ട്. ഡെംബലെ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങില്ല എങ്കിലും ബെഞ്ചികൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലാലിഗയിലെ നിരാശ നാപോളിക്ക് എതിരായ വിജയത്തോടെ ബാഴ്സലോണ മറന്നിരിക്കുകയാണ്‌. ബയേൺ വലിയ വെല്ലുവിളി ആണെങ്കിലും അവരെ മറികടക്കാൻ ആകും എന്ന് സെറ്റിയനും വിശ്വസിക്കുന്നു.

ബയേൺ ചെൽസിയെ 7-1ന് തകർത്താണ് ക്വാർട്ടറിൽ എത്തിയത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉയർത്താൻ ആകും എന്ന് തന്നെ ജർമ്മൻ ചാമ്പ്യന്നാർ വിശ്വസിക്കുന്നു. അപാര ഫോമിൽ ഉള്ള ലെവൻഡോസ്കി തന്നെയാണ് ബയേണിനെ നയിക്കുന്നത്. ഇതുവരെ ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ 13 ഗോളുകളാണ് ലെവൻഡോസ്കി നേടിയത്. ഇന്ന് ടെർ സ്റ്റേഗനെയും മറികടക്കാൻ ആകും എന്ന് ലെവൻഡോസ്കി വിശ്വസിക്കുന്നു. ലെവൻഡോസ്കി മാത്രമല്ല ബയേൺ ടീം മുഴുവനായി നല്ല ഫോമിലാണ് ഇപ്പോൾ ഉള്ളത്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.