യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ഒരിക്കൽ കൂടെ ബയേൺ മ്യൂണിച്ചിന് മുന്നിൽ പരാജയപ്പെട്ടു. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്. ആദ്യ പകുതിയിൽ ലെവൻഡോസ്കി നഷ്ടപ്പെടുത്തിയ വലിയ അവസരങ്ങൾ ബാഴ്സലോണയുടെ പരാജയത്തിന്റെ ഒരു കാരണമായി.
അവസാന സീസണുകളിൽ ബയേൺ ബാഴ്സലോണ പോരുകളിൽ കണ്ട് വന്നിരുന്ന ഏകപക്ഷീയമായ മത്സരമായിരുന്നില്ല ഇന്ന് കണ്ടത്. മ്യൂണിചിൽ എത്തിയ ബാഴ്സലോണ ധൈര്യത്തോടെ പ്രസ് ചെയ്തും അറ്റാക്ക് ചെയ്തും കളിച്ചു. ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ എല്ലാം വന്നതും ബാഴ്സലോണയിൽ നിന്നായിരുന്നു.
എട്ടാം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പെഡ്രിക്ക് കിട്ടിയ ഷോട്ട് നൂയറിന് കാര്യമായ വെല്ലുവിളി ആയില്ല. 17ആം മിനുട്ട ലെവൻഡോസ്കിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു. താൻ ഒരുപാട് ഗോളടിച്ചു കൂട്ടിയ ഗ്രൗണ്ട് ആയിട്ടും ലെവൻഡോസ്കിക്ക് ലക്ഷ്യം കാണാൻ ആയില്ല. ആദ്യ പകുതിയിൽ ഇത് കൂടാതെ രണ്ട് വലിയ അവസരങ്ങൾ കൂടെ ലെവൻഡോസ്കിക്ക് മുന്നിൽ എത്തി. ഒന്നും ഗോൾ വലയിൽ എത്തിയില്ല.
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. ആദ്യ പകുതിയിൽ നഷ്ടമാക്കിയ അവസരങ്ങൾക്ക് രണ്ടാം പകുതിയിൽ ബാഴ്സലോണ കണക്കു പറയേണ്ടി വന്നു. രണ്ടാം പകുതിയിൽ ഗൊറേറ്റ്സ്കയുടെ വരവ് കളി മാറ്റി. 51ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബയേണിന്റെ ആദ്യ ഗോൾ.
കിമ്മിച്ചിന്റെ കോർണർ ഉയർന്ന് ചാടി ലുകാസ് ഹെർണാണ്ടസ് വലയിൽ എത്തിച്ചു. ഈ ഗോൾ വന്നതിന്റെ ക്ഷീണത്തിൽ നിൽക്കുകയായിരുന്നു ബാഴ്സലോണ മിനുട്ടുകൾക്ക് അകം രണ്ടാം ഗോളും വഴങ്ങി. 54ആം മിനുട്ടിൽ ലെറോയ് സാനെയുടെ ഒരു വ്യക്തിഗത മികവാണ് ലീഡ് ഇരട്ടിയാകാൻ കാരണം. മുസിയാലയിൽ നിന്ന് ഒഅന്ത് കൈക്കലാക്കി കുതിച്ച സാനെ ബാഴ്സലോണ ഡിഫൻസിനെയും ടെർ സ്റ്റേഗനെയും തന്റെ സ്കിൽ കൊണ്ട് മറികടന്നു ഗോൾ നേടി. സ്കോർ 2-0
ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാനുള്ള അവസരങ്ങൾ ബാഴ്സലോണ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. പെഡ്രിയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതും ബാഴ്സലോണക്ക് തിരിച്ചടി ആയി.
രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ബയേൺ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഇന്റർ മിലാനും ബാഴ്സലോണയും ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായും നിൽക്കുന്നു.