ജർമ്മനിയിലെ ലീഗ് കിരീടം ഒരിക്കൽ കൂടെ ബയേൺ മ്യൂണിച്ച് സ്വന്തമാക്കി. ബുണ്ടസ് ലീഗയിൽ ഇന്ന് വൈരികളായ ഡോർട്മുണ്ടിനെ നേരിട്ട ബയേൺ മ്യൂണിച്ച് ഇന്ന് 3-1 എന്ന സ്കോറിന് വിജയിച്ച് കൊണ്ടാണ് കിരീടം ഉറപ്പിച്ചത്. ഗ്നാബറി, ലെവൻഡോസ്കി, ജമാൽ എന്നിവർ ഇന്ന് ബയേണായി സ്കോർ ചെയ്തപ്പോൾ വിജയം അനായാസമായി തന്നെ എത്തി. 3 മത്സരങ്ങൾ ലീഗിൽ ബാക്കി ഇരിക്കെ ആണ് കിരീടം ബയേൺ ഉയർത്തുന്നത്.
31 മത്സരങ്ങളിൽ 75 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന ബയേണെ മറികടക്കാൻ ഇനി ഡോർട്നുണ്ടിനാകില്ല. ബാക്കിയുള്ള എല്ലാ മത്സരവും ഡോർട്മുണ്ട് വിജയിച്ചാലും അവർക്ക് 72 പോയിന്റ് മാത്രമെ ആവുകയുള്ളൂ. ബയേണിന്റെ തുടർച്ചയായ പത്താം ബുണ്ടസ് ലീഗ കിരീടമാണ് ഇത്. 2012-13 സീസൺ മുതൽ ബയേൺ മാത്രമെ ബുണ്ടസ് ലീഗ നേടിയിട്ടുള്ളൂ. മൊത്തത്തിൽ ബയേണിന്റെ 32ആം ജർമ്മൻ ലീഗ് കിരീടമാണിത്. 9 ലീഗ് കിരീടമുള്ള നുൻബർഗും, 8 ലീഗ് കിരീടം ഉള്ള ഡോർട്മുണ്ടും ആണ് ബയേണ് പിറകിൽ വിദൂരത്തിൽ എങ്കിലും ഉള്ളത്.