സ്പാനിഷ് ലാ ലീഗയിൽ തങ്ങളുടെ ഹോം മൈതാനം ആയ ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ബാഴ്‌സലോണ. പുതിയ അറ്റകുറ്റപ്പണികൾക്ക് ശേഷം തങ്ങളുടെ പ്രസിദ്ധ മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ തിരിച്ചെത്തിയ ബാഴ്‌സലോണ ഗംഭീര പ്രകടനം ആണ് അത്ലറ്റിക് ബിൽബാവോക്ക് എതിരെ പുറത്ത് എടുത്തത്. 4-0 നു അവരെ തകർത്ത ബാഴ്‌സലോണ റയൽ മാഡ്രിഡിനെ മറികടന്നു ലീഗിൽ ഒന്നാമതും എത്തി. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ മത്സരത്തിൽ മുന്നിലെത്തി.

തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലമീൻ യമാലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സലോണക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഫെർമിൻ ലോപ്പസ് കൂടി ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സലോണ വലിയ ജയം ഉറപ്പിച്ചു. 54 മത്തെ മിനിറ്റിൽ ഫെർമിനു എതിരായ മോശം ഫൗളിന് സാൻസെറ്റിന് വാർ പരിശോധന ശേഷം ചുവപ്പ് കാർഡ് കൂടി ലഭിച്ചതോടെ അത്ലറ്റിക് ക്ലബ് പരാജയം സമ്മതിച്ചു. 90 മത്തെ മിനിറ്റിൽ യമാലിന്റെ ത്രൂ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സയുടെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടും മുമ്പ് ഈ ജയം ബാഴ്‌സക്ക് വലിയ ആത്മവിശ്വാസം ആവും നൽകുക.














