വല്ലാത്ത വിധിയിത്!!! ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്, ഇനി ടികിടാക യൂറോപ്പയിലെ വ്യാഴാഴ്ച്ച ഫുട്ബോളിൽ!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ യൂറോപ്പ ലീഗിൽ!! പുതു തലമുറയിലെ ഫുട്ബോൾ പ്രേമികൾക്ക് ഒന്നും ഒരിക്കലും കേട്ടു പരിചയമില്ലാത്ത വാർത്ത. അങ്ങനെ ഒരു വാർത്ത സത്യമായിരിക്കുകയാണ്. ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബയേണോട് പരാജയപ്പെട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ഇന്ന് ഡൈനാമോ കീവിനെ തോൽപ്പിച്ച ബെൻഫിക ബയേണൊപ്പം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്കും മുന്നേറി.

ഗ്രൂപ്പ് ഇയിൽ രണ്ട് മത്സരങ്ങളിൽ ഒരേ സമയം ശ്രദ്ധ കൊടുത്തു കൊണ്ടായിരുന്നു ഫുട്ബോൾ ലോകം ഇന്ന് ഒരോ നിമിഷവും കടന്നു പോയത്. മ്യൂണിക്കിൽ ബയേണും ബാഴ്സലോണയും മെല്ലെ തുടങ്ങിയപ്പോൾ അങ്ങ് പോർച്ചുഗലിൽ ബെൻഫിക ആദ്യ വെടി പൊട്ടിച്ചു. 16ആം മിനുട്ടിലാണ് ബെൻഫിക ഡൈനാമോ കീവിനെതിരെ ലീഡ് എടുത്തത്. ഇടതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ നിന്ന് ഒരു നിയർ പോസ്റ്റ് ഫിനിഷിൽ റോമൻ യറാംചുക് ബെൻഫികയ്ക്ക് ലീഡ് നൽകി. 1-0. ബെൻഫിക ഗ്രൂപ്പിൽ ബാഴ്സലോണയെ മറികടന്ന് രണ്ടാമത് എത്തിയ നിമിഷം.

ബാഴ്സലോണ ആരാധകർ ഈ ഗോളിൽ ആശങ്കപ്പെടുന്നതിനിടയിൽ ബെംഫികയുടെ രണ്ടാം ഗോളും വന്നു. 22ആം മിനുട്ടിൽ ഗിൽബേർടോയുടെ ഫിനിഷ് ആണ് ബെൻഫികയുടെ ലീഡ് ഇരട്ടിയാക്കിയത്. അപ്പോഴും ബാഴ്സലോണ ബയേണെതിരെ ഒരു ഗോൾ പോലും നേടാതെ വിഷമിക്കുക ആയിരുന്നു. 30ആം മിനുട്ടിൽ ബാഴ്സലോണ താരം ആൽബ പരിക്കേറ്റ് പോകുന്നതും കാണാൻ ആയി.

പിന്നാലെ 34ആം മിനുട്ടിൽ ബാഴ്സലോണയുടെ അവസാന പ്രതീക്ഷയും തകർത്ത് ബയേൺ ഗോളെത്തി. ലെവൻഡോസ്കിയുടെ പാസിൽ നിന്ന് മുള്ളർ ആണ് ബയേണ് ലീഡ് നൽകിയത്. മുള്ളറിന്റെ ബാഴ്സക്ക് എതിരായ എട്ട ഗോളായിരുന്നു ഇത്. താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ 50ആം ഗോളും. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ എത്താൻ 3 ഗോളുകൾ മ്യൂണിക്കിൽ സ്കോർ ചെയ്യണം എന്ന അവസ്ഥയിൽ ആയി ബാഴ്സലോണ.

കാര്യങ്ങൾ ആദ്യ പകുതി അവസാനിക്കും മുമ്പ് ബാഴ്സലോണക്ക് കൂടുതൽ ദയനീയമായി. 43ആം മിനുട്ടിൽ ലെറോസ് സാനെ ബയേണിന്റെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിനും ഏറെ പുറത്ത് നിന്നായിരുന്നു സാനെയുടെ സ്ട്രൈക്ക്. ബാഴ്സലോണ യൂറോപ്പയിൽ കളിക്കേണ്ടി വരും എന്ന് ആദ്യ പകുതിയിൽ തന്നെ ഈ ഗോളോടെ ഉറപ്പായി.

രണ്ടാം പകുതിയിൽ ബയേണും ബെംഫികയും അവരുടെ വിജയങ്ങൾ ഉറപ്പിക്കാൻ മാത്രമാണ് ശ്രമിച്ചത്. 62ആം മിനുട്ടിൽ അൽഫോൺസോ ഡേവിസിന്റെ മുന്നേറ്റത്തിൽ പിറന്ന അവസരം യുവതാരം മുസിയാല വലയിലെത്തിച്ചതോടെ ബയേൺ 3-0ന് മുന്നിലായി. അവസാന നാലു മത്സരങ്ങളിൽ നിന്നായി ബാഴ്സലോണ ബയേണിൽ നിന്ന് 17 ഗോളുകളാണ് വാങ്ങി കൂട്ടിയത്.

ഫുൾ ടൈം വിസിൽ വന്നപ്പോൾ ബയേൺ 3-0ന് ബാഴ്സയെയും ബെൻഫിക 2-0 എന്ന സ്കോറിന് കീവിനെയും പരാജയപ്പെടുത്തി.

ഈ വിജയത്തോടെ ബയേൺ 18 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം ഒന്നാമത് അവസാനിപ്പിച്ചു. 8 പോയിന്റുമായി ബെൻഫിക ഗ്രൂപ്പിൽ രണ്ടാമതും ആയി. ബാഴ്സലോണക്ക് 7 പോയിന്റാണ് നേടാൻ ആയത്.