ബെർണാഡോ ഇല്ല? അഭ്യൂഹങ്ങളിൽ നെയ്മറും ; വീണ്ടും കലങ്ങി മറിഞ്ഞു ബാഴ്‌സലോണ ട്രാൻസ്ഫർ വിൻഡോ

Nihal Basheer

Xavi
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയുടെ തിരിച്ചു വരവിൽ തുടങ്ങി ഒടുവിൽ നെയ്മറുടെ പേരിൽ വരെ അഭ്യൂഹങ്ങൾ എത്തി നിൽക്കുന്ന ബാഴ്‌സലോണ ട്രാൻസ്ഫർ ജാലകം ഒരിക്കൽ കൂടി കലങ്ങി മറിയുകയാണ്. ഇനിഗോ മർട്ടിനസ്, ഗുണ്ടോഗൻ, വിറ്റോർ റോക്വെ എന്നിവരെ എത്തിക്കാൻ ആയെങ്കിലും ചില മേഖലകളിൽ ടീമിലെ ദൗർബല്യം പരിഹരിക്കാൻ മാനേജ്‌മെന്റും കോച്ച് സാവിയും ശ്രമങ്ങൾ തുടരുകയാണ്. ഇടക്ക് ഇവർക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പുറത്തു വരുന്നതും കുറവല്ല. ബെർണാഡോ സിൽവയുടെ വരവ് ആശങ്കയിൽ ആയതും ആൻസു ഫാറ്റിയുടെ പേര് ട്രാൻസ്ഫർ വിപണിയിൽ ഉയരുന്നതും ആരാധകർക്കും അത്ര നല്ല വാർത്തയല്ല.
Xavi
മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഗുണ്ടോഗനെ എത്തിക്കുന്നതിന് മുൻപ് തന്നെ ബാഴ്‌സയുടെയും സാവിയുടെയും ലക്ഷ്യമായിരുന്നു ബെർണാഡോ സിൽവ. കഴിഞ്ഞ സീസണിൽ സമ്പത്തിക പ്രശങ്ങൾക്കിടയിൽ വഴുതി പോയ ട്രാൻസ്ഫർ ഇത്തവണ നടപ്പിലാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിൽ ആയിരുന്നു അവർ. എന്നാൽ ഇപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കൂടാതെ പിഎസ്‌ജിയിലേക്കുള്ള ഡെമ്പലെയുടെ കൈമാറ്റം അനിശ്ചിതമായി തുടരുന്നതോടെ ഈ വഴിയുള്ള വരുമാനത്തിലും ടീമിന് തൽക്കാലം പ്രതീക്ഷ അർപ്പിക്കാൻ ആവില്ല.

“മാനസ പുത്രൻ ഡെമ്പലെ”: കരാർ തീർന്ന് ടീം വിട്ട ഡെമ്പലെയെ സാവിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് വീണ്ടും ബാഴ്‌സലോണ ടീമിലേക്ക് എത്തിച്ചത്. സീസണിൽ തിളങ്ങിയെങ്കിലും അന്ന് താരം ഒപ്പിട്ട പുതിയ കരാർ ബാഴ്‌സക്ക് വിനയാകുന്നതാണ് പിന്നീട് കണ്ടത്. പിഎസ്ജി താരത്തിന്റെ റിലീസ് ക്ലോസ് നൽകാൻ തയ്യാറായി വന്നപ്പോൾ സാവിയും ഞെട്ടി. കൂടുമാറാൻ ഉറപ്പിച്ച ഡെമ്പലെയെ എന്നാൽ അത്ര പെട്ടെന്ന് ഒഴിഞ്ഞു പോവാൻ സമ്മതിക്കാത്ത ബാഴ്‌സ മാനേജ്മെന്റ് ഇപ്പൊൾ റിലീസ് ക്ലോസ് താരവും ടീമും പങ്കുവെക്കുന്നതിന്റെ പേരിൽ തുടർ ട്രാൻസ്ഫർ നടപടികൾ വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടെ ബെർണാഡോ അടക്കമുള്ള ബാക്കി ട്രാൻസ്ഫറുകളും കയ്യാലപുറത്ത് ആയെങ്കിലും ഫ്രഞ്ച് താരത്തിന്റെ വഴിക്ക് മാത്രം കാര്യങ്ങൾ നീങ്ങേണ്ട എന്നു തന്നെയാണ് ടീമിന്റെ തീരുമാനം.

അതേ സമയം ബെർണാഡോ ആവട്ടെ തനിക്ക് വേണ്ടിയുള്ള ഓഫർ സമർപ്പിക്കാൻ കുറച്ചു സമയം കൂടി അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് തുടങ്ങാൻ ഇരിക്കെ സിറ്റി മുന്നിൽ വെച്ച പുതിയ കോണ്ട്രാക്റ്റും താരത്തിന് മുന്നിലുണ്ട്. തന്റെ ഭാവിയെ കുറിച്ച് ഉടൻ തന്നെ തീരുമാനം എടുക്കണം എന്ന ന്യായമായ ആവശ്യമാണ് താരം മുന്നോട്ടു വെക്കുന്നത് എന്ന് വ്യക്തം. അതിനിടെ ജാവോ ഫെലിക്സിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ചെൽസിയിൽ നിന്നും താരത്തിന് ഉയർന്ന ലോൺ ഫീ ഈടാക്കിയ അത്ലറ്റികോ, ബാഴ്‌സയോട് വിട്ടു വീഴ്ച്ചക്ക് നിൽക്കുമോ എന്നതും ചോദ്യമാണ്. നിലവിലെ സാഹചര്യത്തിൽ താരം ആദ്യ പരിഗണനയിൽ വരുന്നുമില്ല.

സാവിയുടെ സ്ക്വാഡിലെ ഏറ്റവും വലിയ തലവേദനയായ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ആരു വരും എന്നതാണ് ആരാധകർ ഏറ്റവും ഉറ്റു നോക്കുന്നത്. ജാവോ കാൻസലോയെ എത്തിക്കാൻ കോച്ച് താല്പര്യപ്പെടുമ്പോൾ യുവതാരം ഫ്രാൻസെഡയും ടീമിന്റെ പരിഗണനയിൽ ഉണ്ട്. ഫ്രാൻസെഡയുമായി വ്യക്തിപരമായ കരാറിൽ ബാഴ്‌സ ധാരണയിലും എത്തിയിട്ടുണ്ട്. കാൻസലോയെ എത്തിക്കാൻ സാധിക്കാതെ വന്നാൽ അടുത്ത സാധ്യത ആയി യുവതാരത്തെ കാണാം. കാൻസലോക്ക് വേണ്ടിയുള്ള ലോൺ ഓഫർ സിറ്റി തള്ളുകയും ചെയ്തു. അർജന്റീനൻ താരം ഫോയ്ത് ആണ് റേറ്റ് ബാക്ക് സ്ഥാനത്തേക്ക് നോക്കി വെച്ച മറ്റൊരു താരം.

എന്നാൽ ഇതിനെല്ലാം ഇടയിലാണ് നെയ്മറുടെ പേര് കഴിഞ്ഞ ദിവസം മുതൽ ഉയർന്നു വരുന്നത്. മെസ്സി ടീം വിടുകകയും എമ്പാപ്പെക്ക് പുറത്തേക്കുള്ള വഴി തേടുകയും ചെയ്യുന്ന പിസ്‌ജി, നെയ്മറെ കൂടി കയ്യൊഴിയാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതെത്രത്തോളം ഫലവത്താകുമെന്ന് ബാഴ്‌സക്ക് തന്നെ ഉറപ്പുണ്ടോ എന്ന കാര്യം സംശയമാണ്. നെയ്മർ തന്റെ ടീമിൽ വേണ്ടെന്ന് സാവി വെളിപ്പെടുത്തിയ കാര്യം പല തവണ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മാനേജ്‌മെന്റിന് ബ്രസീലിയൻ താരത്തിൽ താല്പര്യമുണ്ട്. കൂടുതൽ വരുമാനമാണ് ഉന്നം വെക്കുന്നത് എന്ന് വ്യക്തം. വരും ദിവസങ്ങളിൽ ഈ കാര്യത്തിലും വ്യക്തത വരും.
Xavi Lamine Yamal
പ്രീ സീസണിൽ സീനിയർ ടീമിനോടൊപ്പം ഉണ്ടായിരുന്ന ഫിർമിൻ ലോപസ്, മിഖയിൽ ഫായെ, ലമീൻ യമാൽ എന്നിവരാണ് ഇത്തവണ പ്രതീക്ഷ വെക്കാവുന്ന യൂത്ത് താരങ്ങൾ. മൂവർക്കും സീനിയർ ടീം അവസരം ഉണ്ടാവുമെന്ന കാര്യം ഉറപ്പ്. ഇടത് വിങ്ങിൽ മൊറോക്കൻ താരം ആബ്ദെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അസുലഭ അവസരമാണ് ഇത്തവണ. ഡെമ്പലെയുടെ കൂടുമാറ്റം ഉറപ്പിച്ചിട്ടും വിങ്ങർ സ്ഥാനത്ത് പുതിയ താരങ്ങളെ നോട്ടമിടത്തതിന് ഒരു കാരണവും ആബ്ദെ തന്നെ. ലാ മാസിയയിലെ അസാധാരണ പ്രതിഭകളിൽ ഒരാളായി വിലയിരുത്തുന്ന ലമീൻ യമാലിനെ സാവി വലത് വിങ്ങിൽ ആശ്രയിക്കും. എന്നാൽ ആൻസു ഫാറ്റിയുടെ പേര് കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ട്രാൻസ്ഫർ മാർക്കറ്റിൽ ഉയർന്ന് കേൾക്കുന്നത് ഒട്ടും നല്ല വാർത്തയല്ല. നിരാകരിക്കാനാവാത്ത ഓഫറുകൾ വന്നാൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിൽ എടുത്ത് ടീം അത് അംഗീകരിച്ചേക്കും. എന്നാൽ ദിവസങ്ങൾക്കു മുൻപ് തന്നെ സൗദിയിൽ നിന്നടക്കമുള്ള ഓഫറുകൾ തള്ളി ബാഴ്‌സയിൽ തുടരാനുള്ള തന്റെ താൽപര്യം താരം വീണ്ടും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ബ്രസീലിൽ തന്നെ തുടരുന്ന വിറ്റോർ റോക്വെയെ ട്രാൻസ്ഫർ വിൻഡോയിലെ സാധ്യതകൾ അനുസരിച്ച് ഈ മാസം തന്നെ ടീമിൽ എത്തിക്കാനും ബാഴ്‌സ ശ്രമിച്ചേക്കും.

സാവിയുടെ ട്രാൻസ്ഫർ ആവശ്യങ്ങളിൽ നിന്നും മനസിലാക്കാവുന്ന ഒരു കാര്യം അനുഭവസമ്പത്തുള്ള സീനിയർ താരങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സമ്മർദ്ദം ചെലുത്തുന്നത് എന്നാണ്. ഇനിഗോ, ഗുണ്ടോഗൻ, ബെർണാഡോ സിൽവ, ജാവോ കാൻസലോ എല്ലാം ഉദാഹരണം. നിലവിൽ ഒരുപിടി മികച്ച യുവതാരങ്ങൾ ഉണ്ടെന്നിരിക്കെ ബാഴ്‌സക്ക് ഇനി ആവശ്യം കളത്തിലും ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വമ്പൻ മത്സരങ്ങളിലേയും മത്സര പരിചയം ആണെന്നതിൽ തർക്കമില്ല. അതിന് വേണ്ട താരങ്ങളെ എത്തിക്കുന്നതിൽ ബാഴ്‌സ മാനേജ്‌മെന്റ് രണ്ടാമതൊന്നും ആലോചിക്കേണ്ടി വരരുത്.