യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും എന്ന് യുവേഫ അറിയിച്ചു. ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിച്ചു. യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്ക് എതിരായ നടപടി ഉടൻ പ്രഖ്യാപിക്കും എന്നും യുവേഫ പറഞ്ഞു.
ബാക്കി 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകണം. ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകുകയും വേണം. ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ നൽകി. അത് ലംഘിച്ചാൽ 100 മില്യൺ പിഴ ക്ലബുകൾ നൽകേണ്ടി വരും.
ബാഴ്സലോണ,റയൽ മാഡ്രിഡ്, യുവന്റസ് എന്നിവരെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ വിലക്കും എന്നാണ് വാർത്തകൾ വരുന്നത്. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ 9 ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, സ്പർസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ, എ സി മിലാൻ എന്നീ ക്ലബുകൾ ആണ് സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയത്.