ഈ സീസൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ പോര് ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ ഉള്ള പോരാട്ടം. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ രണ്ട് ക്ലബുകൾ. ഇരുവർക്കിടയിലായി എട്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ. ഈ ടീമുകൾ ഏറ്റുമുട്ടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കണക്കുകൾ വലിയത് പറഞ്ഞു തീർക്കാനുണ്ട്.
രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളുടെ വേദനയുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറയാൻ. 2009ലും 2011ലും. ഇരുവർക്ക് ഇടയിലെ അവസാന രണ്ടു മത്സരങ്ങൾ രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടങ്ങൾ ആയിരുന്നു. രണ്ട് തവണയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീടം നേടിയിരുന്നു. രണ്ട് തവണയും ഫൈനലിൽ മെസ്സി ഗോൾ നേടുകയും ചെയ്തു.
2011ലെ ഫൈനലിൽ സ്വന്തം രാജ്യമായ ഇംഗ്ലണ്ടിൽ വെച്ചായിരുന്നു മാഞ്ചസ്റ്റർ പരാജയം ഏറ്റുവാങ്ങിയത്. സാവി, ഇനിയേസ്റ്റ, മെസ്സി എന്നിവർ ബാഴ്സലോണയിൽ തിളങ്ങി നിൽക്കുന്ന പെപ് ഗ്വാർഡിയോള പരിശീലകനായിരിക്കുന്ന സമയത്തായിരുന്നു ഈ രണ്ട് വിജയങ്ങളും. ഈ രണ്ട് ഫൈനലുകളുടെ കണക്ക് തീർക്കുക ആകും യുണൈറ്റഡിന്റെ ലക്ഷ്യം.
2008ൽ ബാഴ്സലോണയെ സെമി ഫൈനലിൽ പരാജയപ്പെടുത്തിയ ചരിത്രം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്. അന്ന് രണ്ട് പാദങ്ങളായി നടന്ന മത്സരത്തിൽ സ്കോൾസിന്റെ ഗോളായിരുന്നു വിധി എഴുതിയത്. ഇതുവരെ ഫൈനലിൽ അല്ലാതെ എട്ടു തവണ യുണൈറ്റഡും ബാഴ്സലോണയും ചാമ്പ്യൻസ് ലീഗിൽ ഏറ്റു മുട്ടിയിട്ടുണ്ട്. രണ്ട് തവണ യുണൈറ്റഡും രണ്ട് തവണ ബാഴ്സലോണയും വിജയിച്ചപ്പോൾ നാലു കളികൾ സമനിലയുമായി. ഇതുവരെ ഇരുവരും തമ്മിലുള്ള മത്സരത്തിൽ ഹോം ടീം പരാജയപ്പെട്ടിട്ടുമില്ല.
ഈ സീസണിൽ ബാഴ്സലോണ ആണ് യുണൈറ്റഡിനേക്കാൽ മികച്ച് നിൽക്കുന്നത് എങ്കിലും സോൾഷ്യാർ വന്നതിന് ശേഷം യുണൈറ്റഡ് പഴയ ശക്തിയിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പി എസ് ജിയെ പ്രീക്വാർട്ടറിലും യുവന്റസിനെ ഗ്രൂപ്പ് ഘട്ടത്തിലും തോൽപ്പിച്ച യുണൈറ്റഡിന് ബാഴ്സലോണയെയും തോൽപ്പിക്കാനുള്ള ശക്തിയുണ്ട്. മെസ്സിയുടെ ഫോമിൽ തന്നെയാകും ബാഴ്സലോണയുടെ പ്രതീക്ഷ. ഇംഗ്ലീഷ് ടീമുകൾക്ക് എതിരെ എന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസ്സി യുണൈറ്റഡിനും വലിയ ഭീഷണിയാകും.
ഏപ്രിൽ 9നു ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുക.