ലാലിഗയിൽ ബാഴ്സലോണക്ക് ഇന്നത്തെ രാത്രി മറക്കാം. ലീഗിലെ അവസാന സ്ഥാനക്കാരായ ലെഗനെസ് ഇന്ന് ബാഴ്സയെ നാണംകെടുത്തി എന്ന് പറയാം. ഇതുവരെ ലീഗിൽ ഒരു ജയം പോലും ഇല്ലാതിരുന്ന ലെഗനസ് ഇന്ന് ബാഴ്സയെ പരാജയപ്പെടുത്തി. അതും ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചുവന്ന് കൊണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലെഗനെസിന്റെ ജയം.
12ആം മിനുട്ടിൽ തന്നെ ഇന്ന് ബാഴ്സ ലീഡ് നേടിയിരുന്നു. മെസ്സിയുടെ പാസിൽ നിന്ന് കൗട്ടീനോ ആയിരുന്നു ബാഴ്സലോണയെ ലെഗനസിന്റെ ഗ്രൗണ്ടിൽ മുന്നിൽ എത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിലെ രണ്ട് മിനുട്ടുകൾ കളിയെ മാറ്റിമറിച്ചു. 52ആം മിനുട്ടിലും 53ആം മിനുട്ടിലും പിറന്ന ഗോളുകൾ ലെഗനസിനെ 2-1ന്റെ ലീഡിൽ എത്തിച്ചു. നബീൽ എൽ സാറും ഓസ്കാറുമായിരുന്നു ലെഗനസിന്റെ ഗോളുകൾ നേടിയത്.
ഇതിൽ ഓസ്കാർ നേടിയ ഗോൾ പികെയുടെ അബദ്ധത്തിന്റെ സംഭാവനയുമായിരുന്നു. പിറകിൽ ആയതിനു ശേഷവും ബാഴ്സക്ക് കാര്യമായ അവസരങ്ങൾ കളിയിൽ സൃഷ്ടിക്കാനായില്ല. ആകെ ലഭിച്ച അവസരം ഇരട്ട സേവുകളിലൂടെ ലെഗനസ് കീപ്പർ കൊയാർ തറ്റി അകറ്റുകയും ചെയ്തു.
ബാഴ്സലോണ സീസണിലെ ആദ്യ പരാജയമാണിത്. ഇതോടെ ബാഴ്സയുടെ ഒന്നാം സ്ഥാനവും നഷ്ടമാകുമെന്ന അവസ്ഥ ആയി. ഇന്ന് നടക്കുന്ന റയൽ മാഡ്രിഡ് സെവിയ്യ മത്സരത്തിൽ റയൽ തോറ്റില്ല എങ്കിൽ റയൽ ലീഗിൽ ഒന്നാമത് എത്തും. ഇന്നത്തെ ജയം ലെഗനസിന്റെ ലീഗിലെ ആദ്യ ജയമായിരുന്നു. ഇന്നത്തെ ജയത്തോടെ ലീഗിലെ അവസാന സ്ഥാനത്തിൽ നിൻ ലെഗനസ് രക്ഷപ്പെട്ടു.