ബാഴ്സലോണയ്ക്ക് മെസ്സി പോയത് മുതൽ അത്ര നല്ല കാലമല്ല. ഒരു മത്സരത്തിൽ കൂടെ ബാഴ്സലോണ പോയിന്റ് നഷ്ടപ്പെടുത്തുന്നതാണ് ഇന്ന് കാണാൻ ആയത്. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഗ്രനഡയെ നേരിട്ട ബാഴ്സലോണക്ക് അവസാന മിനുട്ടിലെ ഒരു ഗോൾ വേണ്ടി വന്നു സമനിലയെങ്കിലും നേടാൻ. കളിയിൽ 90ആം മിനുട്ടിലെ ഗോളിന്റെ ഭാഗ്യത്തിൽ ബാഴ്സലോണ 1-1 എന്ന സമനിലയുമായി ഒരു പോയിന്റ് നേടി. ഇന്ന് തുടക്കത്തിൽ തന്നെ ഗ്രനഡ ബാഴ്സയെ ഞെട്ടിച്ചു.
കളിയുടെ രണ്ടാം മിനുട്ടിൽ ഡുററ്റെ ആണ് ബാഴ്സലോണയെ നിശബ്ദരാക്കിയ ഗോൾ നേടിയത്. ഇതിനു ശേഷം കളിയിൽ താളം കണ്ടെത്താൻ ബാഴ്സലോണ ഏറെ സമയമെടുത്തു. ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളിൽ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ കണ്ടെത്താൻ ബാഴ്സക്ക് ആയില്ല. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ബാഴ്സലോണ സെന്റർ ബാക്കായ പികെയെ ഫോർവേഡ് ആയി കളിപ്പിക്കുന്നതും കാണാൻ ആയി. അവസാനം ഒരു ഡിഫൻഡറുടെ വക തന്നെയാണ് സമനില ഗോൾ വന്നത്. ഗാവിയുടെ അസിസ്റ്റിൽ നിന്ന് അറൊഹോ ബാഴ്സലോണയെ നാണക്കേടിൽ നിന്ന് രക്ഷിച്ച ഗോൾ നേടി.
4 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഉള്ളത്. ബാഴ്സലോണ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ എന്നീ ക്ലബുകളെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.