ലാ ലിഗ 2025-26 സീസണിന് ബാഴ്സലോണക്ക് മികച്ച തുടക്കം. മയ്യോർക്കയെ 3-0ന് തകർത്താണ് ബാഴ്സലോണ സീസൺ ആരംഭിച്ചത്. യുവതാരം ലാമിൻ യമാലിന്റെ മികച്ച അസിസ്റ്റിൽ റാഫിഞ്ഞയാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. ഏഴാം മിനിറ്റിൽ യമാൽ നൽകിയ കൃത്യമായ ക്രോസിൽ റാഫിഞ്ഞ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച് ബാഴ്സലോണയ്ക്ക് ലീഡ് നേടിക്കൊടുത്തു.

23-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്സയുടെ ലീഡ് വർദ്ധിപ്പിച്ചു. മയ്യോർക്ക പ്രതിരോധതാരം റായില്ലോ പരിക്കേറ്റ് നിലത്തുവീണിട്ടും കളി തുടർന്നു. ഈ അവസരം മുതലെടുത്ത് ടോറസ് ഒരു തകർപ്പൻ ഷോട്ട് അടിച്ചുകയറ്റി. ഇത് മയ്യോർക്ക താരങ്ങളെ രോഷാകുലരാക്കി.
മത്സരത്തിൽ നാടകീയമായ വഴിത്തിരിവാണ് ഇതിനു ശേഷം സംഭവിച്ചത്, 33-ാം മിനിറ്റിൽ മോർലാനസിനും 39-ാം മിനിറ്റിൽ മുരിക്കിക്കും ചുവപ്പ് കാർഡ് ലഭിച്ചു. ഇരുവരുടെയും ചുവപ്പ് കാർഡ് വിഎആർ അവലോകനത്തിന് ശേഷമായിരുന്നു. ഇതോടെ മയ്യോർക്ക ഒമ്പത് പേരായി ചുരുങ്ങി.
രണ്ടാം പകുതിയുടെ അവസാബം ഇഞ്ചുറി ടൈമിൽ ലാമിൻ യമാൽ ഗാവി നൽകിയ അസിസ്റ്റിൽ നിന്ന് ഒരു മികച്ച ഗോൾ നേടി വിജയം ഉറപ്പിച്ചു. മാർക്കസ് റാഷ്ഫോർഡ് പകരക്കാരനായി ഇറങ്ങി ലാ ലിഗയിൽ അരങ്ങേറ്റം കുറിച്ചു.