ലാലിഗയിൽ ബാഴ്സലോണ ഗോളടി തുടരുകയാണ്. ഇന്ന് എവേ മത്സരത്തിൽ സെവിയ്യയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ആണ് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലായി ബാഴ്സ 11 ഗോളുകൾ ആണ് അടിച്ചത്. ഇന്ന് സെവിയ്യ ആണ് മത്സരം നന്നായി തുടങ്ങിയത്. അവർ നിരവധി അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിച്ചു എങ്കിലും ടെർ സ്റ്റേഗന്റെ മികവ് കളി ഗോൾ രഹിതാമായി നിർത്തി.
മത്സരത്തിന്റെ 21ആം മിനുട്ടിൽ റഫീഞ്ഞയിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. ലെവൻഡോസ്കിയുടെ ഒരു ചിപ് ഫിനിഷ് സെവിയ്യ ഡിഫൻഡേഴ്സ് ഗോൾ ലൈൻ സേവ് നടത്തി എങ്കിലും ആ ക്ലിയറൻസ് നേരെ റഫീഞ്ഞയിലേക്ക് ആണ് എത്തിയത്. താരം അനായസം പന്ത് വലയിൽ എത്തിച്ചു.
36ആം മിനുട്ടിൽ ലെവൻഡോസ്കി ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. കൗണ്ടയുടെ ഒരു പാസ് സ്വീകരിച്ച് ഒരു ക്ലാസ് ഫിനിഷ് ആണ് ലെവൻഡോസ്കിയുടെ ഗോളായി മാറിയത്. ലെവൻഡോസ്കിയുടെ സീസണിലെ അഞ്ചാം ഗോളായി ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് മൂന്നാം ഗോൾ വന്നത്. ഈ ഗോളും കൗണ്ടെയുടെ അസിസ്റ്റ് ആയിരുന്നു. ഇത്തവണ പെനാൾട്ടി ബോക്സിൽ കൗണ്ടെയുടെ ഒരു ഹെഡർ ഗാർസിയക്ക് അവസരം ഒരുക്കുകയും താരം ഗോൾ നേടുകയുമായിരുന്നു. ബാഴ്സലോണക്ക് പിന്നീടും ഏറെ ഗോളുകൾ നേരിടാൻ അവസരം ഉണ്ടായെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിയില്ല.
ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.