ബാഴ്സലോണയുടെ സാവിയുടെ കീഴിൽ ഉള്ള സന്തോഷ യാത്രയ്ക്ക് അവസാനം ഇട്ട് ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്. ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ക്യാമ്പ്നുവിൽ വെച്ച് ബാഴ്സലോണയെ നേരിട്ട ഫ്രാങ്ക്ഫർട് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. അഗ്രിഗേറ്റ് സ്കോറിൽ 4-3ന്റെ വിജയവും. ആദ്യ പാദത്തിൽ ജർമ്മനിയിൽ 1-1ന്റെ സമനില ആയിരുന്നു ഫലം. ഈ പരാജയത്തോടെ ബാഴ്സലോണയുടെ 15 മത്സരങ്ങളുടെ അപരാജിത കുതിപ്പും അവസാനിച്ചു.
ഇന്ന് കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ ബാഴ്സലോണക്ക് പിഴച്ചു. നാലാം മിനുട്ടിൽ അവർ വഴങ്ങിയ പെനാൾട്ടി കോസ്റ്റിച് വലയിലേക്ക് എത്തിച്ച് ഫ്രാങ്ക്ഫർടിന് ലീഡ് നൽകി. തുടക്കത്തിൽ തന്നെ ലഭിച്ച ഈ ലീഡ് ജർമ്മൻ ടീമിന് ആത്മവിശ്വാസം നൽകി. 36ആം മിനുട്ടിൽ ഈ ആത്മവിശ്വാസം ഒരു അത്ഭുത ഗോളായി മാറി. ബോറെ തൊടുത്ത ലോങ് റേഞ്ചർ ടെർസ്റ്റേഗന്റെ ഡൈവ് കൊണ്ടും തടയാനായില്ല. സ്കോർ 2-0. അഗ്രിഗേറ്റിൽ ഫ്രാങ്ക്ഫർടിന് അനുകൂലമായി 3-1.
രണ്ടാം പകുതിയിൽ ബാഴ്സലോണ മാറ്റങ്ങൾ വരുത്തി നോക്കി. ലൂക് ഡിയോങും, ട്രയോരെയും, ഫ്രാങ്കി ഡിയോങ്ങും ഒക്കെ എത്തി എങ്കിലും ഫലം ഉണ്ടായില്ല. 67ആം മിനുട്ടിൽ ബാഴ്സലോണ ഡിഫൻസിനെ കീഴ്പ്പെടുത്തി മൂന്നാം ഗോളും വന്നു. കോസ്റ്റികിന്റെ രണ്ടാം ഗോൾ. കളി 3-0നും ടൈ 4-1നും ജർമ്മൻ ടീം മുന്നിൽ. ഇതിനു ശേഷവും ഫ്രാങ്ക്ഫർട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫിനിഷിങിലെ പിഴവ് ബാഴ്സലോണയെ വലിയ നാണക്കേടിൽ നിന്ന് കാത്തു. അവസാനം ബുസ്കെറ്റ്സ് ഇഞ്ച്വറി ടൈമിൽ ബാഴ്സക്കായി ഒരു ഗോൾ മടക്കി. പക്ഷെ അപ്പോഴേക്കും സമയം ഒരു പാട് വൈകിയിരുന്നു. എങ്കിലും 9 മിനുട്ട് ഇഞ്ച്വറി ടൈമിൽ ബാഴ്സലോണ പൊരുതി. 100ആം മിനുട്ടിൽ അവർ ഒരു പെനാൾട്ടിലൂടെ ഡിപായും ഗോൾ നേടി. പക്ഷെ മൂന്നാം ഗോളിനായി ശ്രമിക്കാനുള്ള സമയം ബാഴ്സക് ഉണ്ടായിരുന്നില്ല.
ഫ്രാങ്ക്ഫർട് ഇനി സെമി ഫൈനലിൽ വെസ്റ്റ് ഹാമിനെ ആകും നേരിടുക.