ബാഴ്സലോണ പരിശീലകൻ റോണാൾഡ് കോമാനെ പുറത്താക്കി. ലാലീഗയിൽ കുഞ്ഞൻ ടീമായ റയോ വയെകാനോയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബാഴ്സലോണ പരിശീലകനെ പുറത്താക്കിയത്. എൽ ക്ലാസിക്കോയ്ക്ക് പിന്നാലെ മറ്റൊരു പരാജയം ഏറ്റുവാങ്ങിയത് കോമാന്റെ പുറത്താക്കൽ ഉറപ്പിക്കുകയായിരുന്നു. ഈ സീസണിൽ ആകെ നാല് ജയം മാത്രമാണ് ബാഴ്സലോണക്കുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ബാഴ്സ ഇതിഹാസമായ കൊമാൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
സെറ്റിയൻ ബാഴ്സലോണ വിട്ടതിന് പിന്നാലെയായിരുന്നു കൊമാൻ ക്യാമ്പ് നൂവിലെത്തുന്നത്. ബയേൺ മ്യൂണിക്കിനെതിരെ 8-2 ന്റെ വമ്പൻ തോൽവിയാണ് സെറ്റിയന് പുറത്തേക്കുള്ള വഴി തുറന്നത്. ആദ്യ സീസണിൽ കൊമാന് കീഴിൽ ബാഴ്സലോണ കിതച്ചെങ്കിലും കോപ്പ ഡെൽ റേ കിരീടം ക്യാമ്പ് നൂവിലെത്തി. പീന്നീട് സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പലതാരങ്ങളെയും വിൽക്കേണ്ടി വന്നതും ബാഴ്സലോണയിൽ കാര്യങ്ങൾ കലുഷിതമാക്കി. റൊണാൾഡ് കൊമാന്റെ കീഴിൽ ബാഴ്സലോണ 67 മത്സരങ്ങളാണ് കളിച്ചത്. 40ജയങ്ങളും 16 പരാജയങ്ങളും 11 സമനിലയുമാണ് ബാഴ്സലോണയിൽ കൊമാന്റെ സമ്പാദ്യം.
ബാഴ്സലോണ ആരാധകർക്ക് താങ്ങാൻ കഴിയുന്നതിലും വലിയ പരാജയമായിരുന്നു ഇന്നത്തെ റയോ വയെകാനോയോടുള്ള തോൽവി. എകപക്ഷീയമായ ഒരു ഗോളിനായുരുന്നു റയോയുടെ വിജയം. കൊളംബിയൻ താരം ഫാൽകാവോ ആണ് വിജയ ഗോൾ നേടിയത്. സാവിയും ബെൽജിയൻ പരിശീലകൻ റോബർട്ടോ മാർട്ടിനെസുമാണ് കൊമാന് പകരക്കാനായി ഉയർന്ന് കേൾക്കുന്ന പേരുകൾ. ഏറെ വൈകാതെ ബാഴ്സലോണ പ്രസിഡന്റ് ലപോർട്ടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.