യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ പ്രീക്വാർട്ടറിൽ എത്തി. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തകർത്തായിരുന്നു ബാഴ്സലോണയുടെ മുന്നോട്ടുള്ള കുതിപ്പ്. ബാഴ്സലോണ ജേഴ്സിയിൽ 700ആം മത്സരത്തിന് ഇറങ്ങിയ മെസ്സി തന്നെയാണ് ഇന്നലെയും താരമായത്.
ഒരു ഗോളും രണ്ട് അസിസ്റ്റും മെസ്സി നേടിയ മത്സരത്തിൽ 3-1നായിരുന്നു ബാഴ്സലോണയുടെ വിജയം. സുവാരസ്, ഗ്രീസ്മൻ, മെസ്സി എന്നീ മൂന്നു പേരും ബാഴ്സലോണക്കായി ഗോൾ നേടി. മത്സരത്തിന്റെ 29ആം മിനുട്ടിൽ സുവാരസ് ആയിരുന്നു ആദ്യ ഗോൾ നേടിയത്. മെസ്സി ആയിരുന്നു ഫൈനൽ പാസ് നൽകിയത്.
പിന്നാലെ ഡോർയൽട്മുണ്ട് സെന്റർ ബാക്ക് ഹുമ്മൽസിന്റെ പിഴവ് മുതലാക്കി മെസ്സി കളിയിലെ രണ്ടാംഗോൾ നേടി. രണ്ടാം പകുതിയിലായിരുന്നു ഗ്രീസ്മന്റെ ഗോൾ. ആ ഗോൾ ഒരുക്കിയതും മെസ്സി തന്നെ. സാഞ്ചൊ ആണ് ഡോർട്മുണ്ടിനായി ആശ്വാസ ഗോൾ നേടിയത്. ഡെംബലെയ്ക്ക് പരിക്ക് പറ്റിയത് വിജയത്തിലും ബാഴ്സലോണയ്ക്ക് നിരാശ നൽകി. 5 മത്സരങ്ങളിൽ 11 പോയന്റുമായാണ് ബാഴ്സലോണ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്.