രണ്ടാം കിരീടം സ്വന്തമാക്കി ബാര്‍ബഡോസ്

Sports Correspondent

തങ്ങളുടെ രണ്ടാം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരിടീം സ്വന്തമാക്കി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗയാനയ്ക്കെതിരെയാണ് ബാര്‍ബഡോസ് 27 റണ്‍സിന്റെ വിജയം വഴി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിലേക്ക് നയിച്ചത് ജോനാഥന്‍ കാര്‍ട്ടര്‍ ആയിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ 27 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറുമായി താരം 50 റണ്‍സുമായി താരം പുറത്താകാതെ നിന്നപ്പോള്‍ ജോണ്‍സണ്‍ ചാള്‍സ്(39), അലെക്സ് ഹെയില്‍സ്(28), ആഷ്‍ലി നഴ്സ്(19*) എന്നിവരും നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗയാനയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമേ നേടാനായുള്ളു. ബ്രണ്ടന്‍ കിംഗ് ഓപ്പണറായി 43 റണ്‍സ് നേടിയെങ്കിലും മറ്റ് താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാത്തത് ടീമിന് തിരിച്ചടിയായി. നിക്കോളസ് പൂരന്‍(24), കീമോ പോള്‍(25) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. റേയ്മന്‍ റീഫര്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരി ഗുര്‍ണേ, ആഷ്‍ലി നഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റുമായി ബാര്‍ബഡോസ് ബൗളിംഗില്‍ തിളങ്ങി.