ഈ വർഷം ബാലൻ ഡി ഓർ ഇല്ലാത്ത ഒരേ ഒരു താരത്തിന്റെ മാത്രം നഷ്ടമാണ്. ലെവംഡോസ്കി എന്ന ബയേണിന്റെ കരുത്തനായ സ്ട്രൈക്കറുടെ നഷ്ടം. ഇതിനേക്കാൾ മികച്ച സീസൺ ഇനി ലെവൻഡോസ്കിയുടെ കരിയറിൽ ഉണ്ടാകുമോ എന്ന് അറിയില്ല. അത്രയ്ക്ക് മികച്ച സീസണാണ് ലെവൻഡോസ്കി ഇന്ന് ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ അവസാനമിട്ടത്. കൊറോണ കാരണം ഫുട്ബോൾ സീസണുകൾ എല്ലാവിടെയും താറുമാറായത് കൊണ്ടാണ് ഫ്രാൻസ് ഫുട്ബോൾ ഇത്തവണ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പുർസ്കാരമായ ബാലൻഡി ഓർ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്.
ഇത് കൊണ്ട് ഏറ്റവും വലിയ നഷ്ടം ലെവൻഡോസ്കിക്ക് ആണെന്ന് തന്നെ പറയേണ്ടി വരും. ലെവൻഡോസ്കിക്ക് ഈ സീസൺ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആയിരുന്നു. ഈ സീസണിൽ ലെവൻഡോസ്കി അടിച്ചു കൂട്ടിയത് 55 ഗോളുകളാണ്. തന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്. 47 മത്സരങ്ങളിൽ നിന്നാണ് ഈ 55 ഗോളുകൾ പിറന്നത്. കളിച്ച മൂന്ന് ടൂർണമെന്റിലും കിരീടവും ഒപ്പം ടോപ്പ് സ്കോററും. ബുണ്ടസ് ലീഗയിൽ 34 ഗോളുമായി ടോപ്പ് സ്കോറർ, ജർമ്മൻ കപ്പിൽ6 ഗോളുമായി ടോപ്പ് സ്കോറർ, ഒപ്പം ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളുമായും ടോപ്പ് സ്കോറർ. ഇത്തവണ ബാലൻ ഡി ഓർ ഉണ്ടായിരുന്നു എങ്കിൽ ലെവൻഡോസ്കിക്ക് ഒരു എതിരാളി പോലും ഉണ്ടാകുമായിരുന്നില്ല.
തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിൽ കൊറോണ വന്നത് ലെവൻഡോസ്കിക്ക് തീരാനഷ്ടമായി എന്നും ഓർമ്മയിലിരിക്കും.