ഇന്ത്യൻ വനിതാ ഫുട്ബോൾ താരം ബാലാ ദേവി ഇനി സ്കോട്ലാൻഡിൽ കളിക്കും.. സ്കോട്ലാൻഡിലെ വലിയ ക്ലബായ റേഞ്ചേഴ്സ് ബാലാ ദേവിയുമായി കരാർ ഒപ്പുവെച്ചു. 18 മാസത്തെ കരാറിലാണ് ബാലാ ദേവി ഒപ്പുവെച്ചത്. നേരത്തെ ട്രയൽസിൽ റേഞ്ചേഴ്സിൽ എത്തിയ ബാലാ ദേവിയുടെ പ്രകടനത്തിൽ തൃപ്തി തോന്നിയ റേഞ്ചേഴ്സ് താരത്തെ സൈൻ ചെയ്യുകയായിരുന്നു.
29കാരിയായ ബാലാ ദേവി റേഞ്ചേഴ്സിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമാണ്. യുവേഫ ടൂർണമെന്റുകളിൽ അടക്കം കളിക്കുന്ന ക്ലബാണ് റേഞ്ചേഴ്സ്. ഇന്ത്യൻ വനിതാ ടീമിനായുള്ള പ്രകടനവും ഒപ്പം വനിതാ ഫുട്ബോൾ ലീഗിലെയും ബാലാ ദേവിയുടെ പ്രകടനവും വിലയിരുത്തിയാണ് ട്രയൽസിന് ക്ഷണം ലഭിച്ചത്. മണിപ്പൂർ പോലീസിനു വേണ്ടി കഴിഞ്ഞ വനിതാ ലീഗിൽ 26 ഗോളുകൾ ബാലാ ദേവി നേടിയിരുന്നു. ഇന്ത്യൻ ദേശീയ ടീമിന്റെയും ടോപ്പ് സ്കോറർ ആണ് ബാലാ ദേവിം ഇന്ത്യക്ക് വേണ്ടി 58 കളികളിൽ നിന്നായി 52 ഗോളുകൾ ബാലാ ദേവി നേടിയിട്ടുണ്ട്.