ഇന്ത്യൻ വനിതാ ഫുട്ബോൾ മുന്നോട്ടു പോകുന്നതിനൊപ്പം ഒരു വലിയ വാർത്തയാണ് ഫുട്ബോൾ ലോകത്തെ തേടി എത്തുന്നത്. സ്പെയിനിലെ വനിതാ ഫുട്ബോൾ ലീഗിലെ ഒന്നാം ഡിവിഷനായ ലീഗ ഇബർഡോളയിൽ ആദ്യമായി ഒരു ഇന്ത്യൻ താരം കളിക്കും. ബെംഗളൂരു സ്വദേശിനിയായ ഭൃഷ്ടി ഭാഗ്ചിയാണ് സ്പാനിഷ് ലീഗിൽ എത്തിയിരിക്കുന്നത്.
സ്പാനിഷ് ക്ലബായ മാഡ്രിഡ് സി എഫ് ആണ് ഭൃഷ്ടിയെ സൈൻ ചെയ്തിരിക്കുന്നത്. ഭൃഷ്ടി കുറച്ചു കാലമായി മാഡ്രിഡ് ക്ലബിനൊപ്പം ട്രെയിൻ ചെയ്യുന്നുണ്ട്. ക്രൗഡ് ഫണ്ടിങ്ങിലൂടെ മാഡ്രിഡിൽ ട്രയൽസിന് പോയ ഭാഗ്ചി അവിടെ നടത്തിയ പ്രകടനങ്ങൾ നല്ലതായതിനാൽ ക്ലബ് കരാർ വാഗ്ദാനം ചെയ്യുകയായിരുന്നു. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾ ഒക്കെ കളിക്കുന്ന ലീഗിലാണ് ഇനി ഭൃഷ്ടി കളിക്കുക.
മുമ്പ് കർണാടകയ്ക്ക് വേണ്ടി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള താരമാണ് ഭൃഷ്ടി. അവസാന കുറച്ച് കാലമായി അമേരിക്കൻ യൂണിവേഴ്സിറ്റി ആയ ഒകലഹോമ യൂണിവേഴ്സിറ്റിക്കായും നോർത്ത് ടെക്സാസ് യൂണിവേഴ്സിറ്റിക്കായും ആയിരുന്നു കളിച്ചത്.