പൊതുവെ ഐ ലീഗിൽ ശക്തമായ കിരീട പോരാട്ടങ്ങൾ നടക്കുന്നത് ആണെങ്കിൽ ഇത്തവണ കാര്യങ്ങൾ നേരെ വിപരീതമാണ്. സീസൺ തുടക്കം മുതൽ വ്യക്തമായ രീതിയിൽ മുന്നേറുന്ന മോഹൻ ബഗാൻ ഇപ്പോൾ യാതിരു ബുദ്ധിമുട്ടും ഇല്ലാതെ കിരീടത്തിലേക്ക് അടുക്കുകയാണ്. ഇപ്പോൾ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 32 പോയന്റുമായി ബഗാൻ ബഹുദൂരം മുന്നിൽ ആണ്. രണ്ടാമതുള്ള പഞ്ചാബ് എഫ് സിയെക്കാൾ 12 പോയന്റിന്റെ ലീഡ്.
ഇനി ലീഗിൽ ഏഴു റൗണ്ട് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ശേഷിക്കുന്ന എല്ലാം മത്സരങ്ങളും വിജയിച്ചാൽ വരെ ബഗാന്റെ പിറകിൽ ഉള്ളവർക്ക് എത്താവുന്ന പരമാവധി പോയന്റ് 42 ആണ്. അതും ഇപ്പോൾ മൂന്നാമത് ഉള്ള ചർച്ചിൽ ബ്രദേഴ്സ് ഇനി കളിക്കുന്ന എട്ടു മത്സരങ്ങളും വിജയിച്ചാൽ മാത്രം. കണക്കുകൾ വെച്ച് നോക്കിയാൽ ബഗാൻ ഇനി ശേഷിക്കുന്ന ഏഴു മത്സരങ്ങളിൽ നിന്ന് വെറും നാലു മത്സരങ്ങൾ വിജയിച്ചാൽ കിരീടം കൊൽക്കത്തയിലേക്ക് കൊണ്ടു പോകാം. ബഗാൻ കിരീടം നേടുകയാണെങ്കിൽ അവരുടെ 2014-15 സീസണു ശേഷമുള്ള ആദ്യ ദേശീയ ലീഗ് കിരീടമാകും അത്.
ഇതുവരെ നാലു ദേശീയ ലീഗ് കിരീടങ്ങൾ ബഗാൻ നേടിയിട്ടുണ്ട്. ഈ സീസൺ കഴിഞ്ഞാൽ എ ടി കെ കൊൽക്കത്തയുമായി ലയിക്കുന്നതിനാൽ ഇതിഹാസ ക്ലബായ ബഗാന് കിരീടവുമായി ചരിത്രത്തിന്റെ ഒരു വലിയ ഏട് അവസാനിപ്പിക്കാൻ ആയി എന്ന ആശ്വാസവും ഉണ്ടാകും.