അവിശ്വസനീയം എന്നല്ലാതെ ആ പ്രകടനത്തെ വിളിക്കാൻ ആവില്ല, അത്രക്ക് അസാധാരണ പ്രകടനവും ആയി സീഡ് ചെയ്യാതെ വിക്ടോറിയ അസരങ്ക യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നു. അതും താൻ ഇത് വരെ ഗ്രാന്റ് സ്‌ലാമുകളിൽ 10 ശ്രമങ്ങളിൽ തോല്പിക്കാത്ത മൂന്നാം സീഡ് സാക്ഷാൽ സെറീന വില്യംസിനെ അട്ടിമറിച്ച് കൊണ്ട്. 23 മത്തെ വട്ടം ആണ് സെറീനയും അസരങ്കയും ടെന്നീസ് കളത്തിൽ നേർക്കുനേർ വന്നത്. രണ്ടു അമ്മമാർ തമ്മിലുള്ള ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ പോരാട്ടം. ആദ്യ സെറ്റിലെ ആദ്യ സർവീസിൽ തന്നെ 2 ഇരട്ടപ്പിഴവുകൾ വരുത്തിയ അസരങ്ക ആദ്യം തന്നെ ബ്രൈക്ക് വഴങ്ങി. സെറീന തന്റെ ഏറ്റവും മികച്ച ടെന്നീസ് തന്നെ കളിച്ചപ്പോൾ അസരങ്കക്ക് ആദ്യ സെറ്റിൽ മറുപടിയെ ഉണ്ടായില്ല.
സെറ്റിൽ വീണ്ടുമൊരിക്കൽ കൂടി ബ്രൈക്ക് നേടിയ സെറീന ബ്രൈക്ക് പോയിന്റ് രക്ഷിക്കുകയും ചെയ്തു. ആദ്യ സെറ്റ് 6-1 നു നേടിയ സെറീന മത്സരത്തിൽ തന്റെ ആധിപത്യം വ്യക്തമാക്കി. രണ്ടാം സെറ്റിൽ കൂടുതൽ ആക്രമിച്ചു മികവോടെ കളിക്കുന്ന അസരങ്കയെ ആണ് മത്സരത്തിൽ കണ്ടത്. സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത അസരങ്ക സെറീനയുടെ പോരാട്ടത്തെ നന്നായി നേരിട്ടു. അപാരമായി കളിച്ച വിക ഒരിക്കൽ കൂടി സെറീനയെ സെറ്റിൽ ബ്രൈക്ക് ചെയ്ത് സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും അസരങ്ക തന്റെ മികവ് തുടരുന്നത് ആണ് മത്സരത്തിൽ കണ്ടത്.
അതിനിടയിൽ മൂന്നാം സെറ്റിലെ ആദ്യ സർവീസിന് ഇടയിൽ ഇടത് കാലിനു പരിക്ക് ഏറ്റ സെറീന വൈദ്യസഹായം തേടാൻ ഇടവേളയും എടുത്തു. ഈ സർവീസിൽ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച അസരങ്ക സെറീനയുടെ പോരാട്ടം മറികടന്നു ബ്രൈക്ക് സ്വന്തമാക്കി. പിന്നീട് സകലവും മറന്നു പൊരുതിയ അസരങ്കയെ മറികടക്കാനുള്ള സെറീനയുടെ ഒരു ശ്രമവും നടന്നില്ല. നല്ല സർവീസുകൾ ഉതിർത്ത അസരങ്ക ബ്രൈക്കിനുള്ള അവസരവും നൽകിയില്ല. മത്സരത്തിനു ആയി സർവ് ചെയ്യുമ്പോൾ ഇരട്ടപ്പിഴവുകൾ വരുത്തിയെങ്കിലും അതുഗ്രൻ സർവീസുകളിലൂടെ അസരങ്ക തിരിച്ചു വന്നു. ഒരു ഏസിലൂടെ മത്സരം സ്വന്തം പേരിലാക്കി അസരങ്ക ആനന്ദകണ്ണീർ പൊഴിച്ചു. 6-3 നു തന്നെയാണ് ഈ സെറ്റും അസരങ്ക നേടിയത്.
റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം എന്ന സെറീനയുടെ സ്വപ്നത്തിനായുള്ള കാത്തിരിപ്പ് ഇതോടെ ഇനിയും നീളും. തന്റെ അഞ്ചാം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് ആണ് അസരങ്ക യോഗ്യത നേടിയത്. മൂന്നാമത്തെ യു.എസ് ഓപ്പൺ ഫൈനലിലേക്കും. മുമ്പ് രണ്ടു ഫൈനലുകളിലും സെറീനയോട് തോൽക്കാൻ ആയിരുന്നു അസരങ്കയുടെ വിധി. സീഡ് ചെയ്യാതെ ടൂർണമെന്റിന് എത്തിയ അസരങ്ക അമ്മയായ ശേഷം ഗ്രാന്റ് സ്‌ലാം ജയിക്കുക എന്ന അപൂർവ നേട്ടം ആവും ഫൈനലിൽ ലക്ഷ്യം വക്കുക. ഫൈനലിൽ നാലാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക ആണ് അസരങ്കയുടെ എതിരാളി. ഈ കഴിഞ്ഞ സിൻസിനാറ്റി ഓപ്പണിന്റെ ഫൈനലിൽ ഇരു താരങ്ങളും നേർക്കുനേർ വന്നപ്പോൾ ഒസാക്ക പരിക്കേറ്റു പിന്മാറിയതിനെ തുടർന്നു അസരങ്ക ജയം കണ്ടിരുന്നു. മികച്ച ഫോമിലുള്ള രണ്ടു താരങ്ങൾ തമ്മിലുള്ള ഫൈനൽ മികച്ച മത്സരം ആവും എന്നുറപ്പാണ്.