ഈ സീസണിലെ ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്, പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം 17 വയസ്സുകാരനായ ഓപ്പണർ ആയൂഷ് മാത്രയെ ടീമിലെടുക്കാൻ ഒരുങ്ങുന്നു. ഈ മാസം ആദ്യം സിഎസ്‌കെയുടെ മിഡ്-സീസൺ ട്രയൽസിൽ പങ്കെടുത്ത മാത്രെ, ഏപ്രിൽ 20ന് നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സീസണിൽ സിഎസ്‌കെയുടെ ക്യാപ്റ്റനായിരുന്ന ഗെയ്‌ക്‌വാദിന് മാർച്ച് 30ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റിരുന്നു. എന്നാൽ പിന്നീട് രണ്ട് മത്സരങ്ങളിൽ കൂടി അദ്ദേഹം കളിച്ചു. ഒടുവിൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ചെന്നൗ ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ മുംബൈക്കാരനായ മാത്രയെ ടീമുകൾ പരിഗണിച്ചിരുന്നില്ല. എന്നാൽ ചേപ്പോക്കിൽ നടന്ന ട്രയൽസിൽ സിഎസ്‌കെ സ്കൗട്ടുകളെ താരം ആകർഷിച്ചു.
കഴിഞ്ഞ ആഭ്യന്തര സീസണിൽ മികച്ച ഫോമിലായിരുന്നു മാത്രെ. 2024-25 വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 65.42 ശരാശരിയിൽ 458 റൺസ് അദ്ദേഹം നേടി. രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്‌ക്കെതിരെ 176 റൺസ് നേടിയതടക്കം 471 റൺസും താരം സ്വന്തമാക്കി.