ഓസ്‌ട്രേലിയൻ ഓപ്പണിൽ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു ഇതിഹാസ താരം റാഫേൽ നദാൽ. മുൻ ജേതാവ് ആയ ആറാം സീഡ് ആയ നദാൽ യുവ കനേഡിയൻ താരവും 14 സീഡും ആയ ഡെന്നിസ് ഷാപോവലോവിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. തന്റെ 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീട നേട്ടം ലക്ഷ്യം വക്കുന്ന നദാലിന് കടുത്ത വെല്ലുവിളി ആണ് കനേഡിയൻ യുവ താരം നൽകിയത്. മത്സരത്തിൽ മികച്ച സർവീസുകൾ തുടർച്ചയായി ഉതിർത്ത ഷാപോവലോവ് 20 ഏസുകൾ ആണ് ഉതിർത്തത്. എന്നാൽ ആദ്യ രണ്ടു സെറ്റുകളിലും നിർണായക ബ്രൈക്കുകൾ കണ്ടത്തിയ നദാൽ ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കി. ഇടക്ക് ചെയർ അമ്പയറുടെ മോശം തീരുമാനത്തിന് കയർക്കുന്ന കനേഡിയൻ താരം പലപ്പോഴും ശാന്തത കൈവിടുന്നതും കണ്ടു. അനായാസം നദാൽ എന്നു കരുതിയ മത്സരത്തിൽ പക്ഷെ മൂന്നും നാലും സെറ്റുകളിൽ മികച്ച തിരിച്ചു വരവ് ആണ് കനേഡിയൻ താരം നടത്തിയത്.
മൂന്നാം സെറ്റിൽ മത്സരത്തിൽ ആദ്യമായി നദാലിനെ ബ്രൈക്ക് ചെയ്ത ഷാപോവലോവ് സെറ്റ് 6-4 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിലും ബ്രൈക്ക് കണ്ടത്തിയ കനേഡിയൻ താരം സെറ്റ് 6-3 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ ഇത്തവണ കനേഡിയൻ താരത്തിന്റെ സർവീസിൽ നിന്നു ബ്രൈക്ക് പിടിച്ചെടുത്ത നദാൽ 6-3 നു സെറ്റ് നേടി അവസാന നാലിലേക്ക് മുന്നേറുക ആയിരുന്നു. മത്സരത്തിൽ 11 സർവീസ് ഇരട്ട പിഴവുകൾ വരുത്തിയ നദാൽ 8 തവണ സർവീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം എതിരാളിക്ക് നൽകിയെങ്കിലും ഇതിൽ ആറണ്ണവും രക്ഷിക്കാൻ താരത്തിന് ആയി. മികച്ച സർവീസുകൾ ഉടനീളം പുറത്ത് എടുത്തു എങ്കിലും നദാലിന് മുന്നിൽ വലിയ റാലികളിൽ പിടിച്ചു നിൽക്കാൻ ആവാത്തതും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ആവാത്തതും ആണ് ഷാപോവലോവിനു വിനയായത്. സെമിയിൽ മറ്റെയോ ബരെറ്റിനി, ഗെയിൽ മോൻഫിൽസ് മത്സര വിജയിയെ ആണ് നദാൽ നേരിടുക.