തന്റെ ലൈംഗീകത തുറന്നു പറഞ്ഞു ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ജോഷ് കവാല്ലോ. സ്വവർഗ അനുരാഗിയാണ് എന്നു സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞ 21 കാരനായ ജോഷ് ഇത് തന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ആണ് എന്നാണ് തുറന്നു പറയലിനെ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ എ ലീഗ് ടീം ആയ അഡലൈഡ് യുണൈറ്റഡ് താരമായ ജോഷ് സാമൂഹിക മാധ്യമത്തിൽ പുറത്ത് വിട്ട വീഡിയോയിൽ ആണ് ലോകത്തോട് സത്യം വിളിച്ചു പറഞ്ഞത്. ഓസ്‌ട്രേലിയൻ അണ്ടർ 20 ടീമിൽ കളിച്ച താരം കൂടിയാണ് ജോഷ്. വനിത ഫുട്‌ബോളിൽ പല പ്രമുഖ താരങ്ങളും തങ്ങളുടെ ലൈംഗീകത തുറന്നു പറയാൻ ധൈര്യം കാണിക്കാറുണ്ട് എങ്കിലും പുരുഷ ഫുട്‌ബോളിൽ ഇത് വരെ ഇത്തരം പ്രഖ്യാപനങ്ങൾ അപൂർവ്വത തന്നെയാണ്. അതിനാൽ തന്നെയാണ് ജോഷിന്റെ പ്രഖ്യാപനം പ്രധാനപ്പെട്ടത് ആവുന്നത്. ആറു കൊല്ലമായി താൻ ഈ വിഷയവുമായി സമ്മർദ്ദം അനുഭവിക്കുക ആയിരുന്നു എന്ന് പറഞ്ഞ ജോഷ് ഇന്ന് താൻ വലിയൊരു ഭാരം ആണ് ഇറക്കി വക്കുന്നത് എന്നും പറഞ്ഞു.
മറ്റുള്ളവരിൽ നിന്നു തുല്യത ആണ് താൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞ ജോഷ് തന്റെ ഈ തുറന്നു പറച്ചിൽ മറ്റുള്ള ഫുട്‌ബോൾ താരങ്ങളിൽ പലർക്കും തങ്ങളുടെ ലൈംഗീകത മറച്ചു വക്കാതെ തുറന്നു പറയാനുള്ള ധൈര്യം നൽകട്ടെ എന്നും പ്രത്യാശിച്ചു. ഫുട്‌ബോളിൽ എല്ലാവരും ഒരുപോലെ സ്വീകരിക്കപ്പെടണം എന്നു പറഞ്ഞ താരം എല്ലാവർക്കും അവർ ഇഷ്ടപ്പെടുന്ന വിധം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും പറഞ്ഞു. ഓസ്‌ട്രേലിയയിൽ മാത്രമല്ല ലോകത്ത് ഒരിടത്തും സ്വവർഗ അനുരാഗിയാണ് എന്നു തുറന്നു പറഞ്ഞ പുരുഷ ഫുട്‌ബോൾ താരങ്ങൾ ഇല്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നത് ആയി പറഞ്ഞ താരം ഈ തുറന്നു പറച്ചിലൂടെ ലൈംഗികത മറച്ചു വക്കുന്ന മറ്റുള്ളവരെ തുറന്നു പറയാൻ പ്രചോദിപ്പിക്കുക ആണെന്നും പറഞ്ഞു. അവർ ഒരിക്കലും ഒറ്റക്കല്ല എന്നു പറയൽ ആണ് തന്റെ ഈ കടമ എന്നും താരം പറഞ്ഞു.
തന്റെ ജീവിതത്തിൽ തനിക്ക് ഒപ്പം നിന്ന എല്ലാവർക്കും തന്റെ ക്ലബിനും അടക്കം നന്ദി പറഞ്ഞു കൊണ്ടാണ് ജോഷ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. താരത്തിന്റെ തുറന്നു പറച്ചിലിന് ശേഷം താരത്തിന് വലിയ പിന്തുണയും സ്നേഹവും ആണ് ഫുട്‌ബോൾ ലോകത്തിൽ നിന്നു ഉണ്ടായത്. ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ബാഴ്‌സലോണ, യുവന്റസ്, ടോട്ടൻഹാം തുടങ്ങി ലോകത്തിലെ പ്രമുഖ ഫുട്‌ബോൾ ക്ലബുകൾ മിക്കതും താരത്തിന് പിന്തുണയും ആയി എത്തി. താരത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കാനും പിന്തുണ പ്രഖ്യാപിക്കാനും ഇവർ മുന്നോട്ട് വന്നു. അതേസമയം സാൾട്ടൻ ഇബ്രാമോവിച്ച്, ജെറാർഡ് പികെ, റാഫേൽ വരാനെ, മാർക്കോസ് റാഷ്ഫോർഡ്, ഡേവിഡ് ഡിഹയ, അന്റോണിയോ ഗ്രീസ്മാൻ, റിയോ ഫെർണിഡാണ്ട് തുടങ്ങി പ്രമുഖ താരങ്ങളും താരത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്ത് വന്നു. ഫുട്‌ബോളിന് പുറമെ പ്രമുഖ വ്യക്തികളും താരത്തിന് പിന്തുണയും ആയി എത്തി. അതേസമയം തനിക്ക് ലഭിച്ച പിന്തുണ അതിശയിപ്പിക്കുന്നത് ആയിരുന്നു എന്നാണ് ജോഷ് പ്രതികരിച്ചത്.