ഐസിസി വനിതാ ടി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ, ഓസ്‌ട്രേലിയ വനിതകൾ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. വെറും 18 റൺസിന് ഓപ്പണർ അലിസ ഹീലിയെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു എങ്കിലും ബെത്ത് മൂണി ഓസ്ട്രേലിയൻ ബാറ്റിംഗിനെ നയിച്ചു, 53 പന്തിൽ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 74 റൺസ് നേടി മൂണി പുറത്താകാതെ നിന്നു.
21 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 29 റൺസെടുത്ത ആഷ്ലീ ഗാർഡ്നറും ഓസ്ട്രേലിയൻ ഇന്നിംഗ്സ് വേഗത്തിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ ഓസ്‌ട്രേലിയൻ ബാറ്റർമാരെ കൂറ്റൻ സ്കോറിൽ എത്താൻ അനുവദിച്ചില്ല. ഷബ്‌നിം ഇസ്മയിൽ, മരിസാൻ കാപ്പ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നോങ്കുലുലെക്കോ മ്ലാബ, ക്ലോ ട്രിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗ്രേസ് ഹാരിസും മെഗ് ലാനിങ്ങും 10 റൺസ് വീതം നേടിയപ്പോൾ എല്ലിസ് പെറിയെയും ജോർജിയ വെയർഹാമിനെയും അവസാന ഓവറിൽ ഇസ്മായിലിന്റെ പന്തിൽ പുറത്തായി. താലിയ മഗ്രാത്ത് 1 റണ്ണുമായി പുറത്താകാതെ നിന്നു, ഓസ്‌ട്രേലിയ അവരുടെ ഇന്നിംഗ്‌സ് നിശ്ചിത 20 ഓവറിൽ 156/6 എന്ന നിലയിൽ ആണ് അവസാനിപ്പിച്ചത്.
ടി20 ലോകകപ്പ് കിരീടം നേടാൻ ദക്ഷിണാഫ്രിക്ക വനിതകൾക്ക് ഇനി 157 റൺസ് എന്ന വെല്ലുവിളി മറികടക്കണം.