ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് വിജയിച്ചു. കളി ഒന്നര ദിവസം ശേഷിക്കെ ആണ് ഓസ്ട്രേലിയ വിജയം ഉറപ്പിച്ചത്. നാലാം ദിനം 220-2 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇംഗ്ലണ്ട് തകർന്നടിയുന്നതാണ് കാണാൻ ആയത്. ഇന്ന് 77 റൺസ് എടുക്കുന്നതിനിടയിൽ എട്ട് വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. അവർ 297 റൺസിന് പുറത്താവുക ആയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കായി നഥാൻ ലിയോൺ നാലു വിക്കറ്റുകൾ വീഴ്ത്തി. ഗ്രീൻ, കമ്മിൻസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും, സ്റ്റാർക്ക്, ഹെസല്വൂഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
രണ്ടാം ഇന്നിങ്സിൽ ചെറിയ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എടുത്ത് വിജയം ഉറപ്പിച്ചു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലീഷ് നിര 147 റൺസിന് ഓൾ ഔട്ട് ആയിരുന്നു. ഓസ്ട്രേലിയ ആകട്ടെ ആദ്യ ഇന്നിങ്സിൽ 425 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് ആയി 148 പന്തിൽ നിന്ന് 152 റൺസ് എടുത്ത ട്രാവിസ് ഹെഡാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.













