ഓസ്‌ട്രേലിക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ഇന്നിംഗ്സ് തോൽവി. ഒരു ഇന്നിങ്സിനും അഞ്ചു റൺസിനുമാണ് പാകിസ്ഥാനെ ഓസ്ട്രേലിയ തോൽപ്പിച്ചത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 580 റൺസിന് പകരം ആദ്യ ഇന്നിങ്സിൽ 240 റൺസ് എടുത്ത പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 335 റൺസിന് എല്ലാരും പുറത്താവുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബാബർ അസമും 95 റൺസ് നേടിയ മുഹമ്മദ് റിസ്‌വാനും പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനായില്ല. ബാബർ അസം 104 റൺസ് എടുത്ത് പുറത്തായപ്പോൾ 42 റൺസുമായി യാസിർ ഷാ വാലറ്റത്ത് മികച്ച പിന്തുണ നൽകി. ഓസ്‌ട്രേലിയക്ക് വേണ്ടി ഹസൽവുഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക് മൂന്നും കമ്മിൻസ് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ വാർണറുടെയും ലാബ്ഷെയിനിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ 580 റൺസ് എടുത്തത്. ലാബ്ഷെയിൻ 185 റൺസും വാർണർ 154 റൺസുമെടുത്ത് പുറത്തായി.