അനായാസം ഓസ്ട്രേലിയ, പാകിസ്ഥാനെ തോൽപ്പിച്ച് പരമ്പര സ്വന്തം

Staff Reporter

പാകിസ്ഥാനെതിരെയുള്ള മൂന്നാം ടി20യിൽ അനായാസം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. 107 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ലക്‌ഷ്യം കാണുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ ആദ്യ ടി20 മത്സരം മഴ മൂലം പൂർത്തിയാക്കാൻ പറ്റിയിരുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസാണ് എടുത്തത്. പാകിസ്ഥാൻ നിരയിൽ 37 പന്തിൽ 45 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് മാത്രമാണ് പൊരുതി നോക്കിയത്. ഇഫ്തിഖാർ അഹമ്മദിനെ കൂടാതെ 14 റൺസ് എടുത്ത ഇമാമുൽ ഹഖ് മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു പാകിസ്ഥാൻ താരം.

തുടർന്ന് ചെറിയ ലക്‌ഷ്യം മുൻപിൽ വെച്ച് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ അനായാസം പാകിസ്ഥാൻ ഉയർത്തിയ വെല്ലുവിളി മറികടക്കുകയായിരുന്നു. ഓപ്പണർമാരായ ഫിഞ്ചും വാർണറും ചേർന്ന് ഓസ്‌ട്രേലിയക്ക് വിക്കറ്റ് നഷ്ടമാവാതെ ജയം നേടികൊടുക്കുകയായിരുന്നു. ഫിഞ്ച് 52 റൺസ് എടുത്തും  വാർണർ 48 റൺസ് എടുത്തും പുറത്താവാതെ നിന്നു.