ഇന്ത്യയ്ക്കെതിരെ 85 റണ്‍സ് വിജയത്തോടെ 2020 വനിത ടി20 ലോകകപ്പ് വിജയിച്ച് ഓസ്ട്രേലിയ. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. എന്ന് ഓപ്പണര്‍മാരായ ബെത്ത് മൂണിയും അലൈസ ഹീലിയും തകര്‍ത്താടിയപ്പോള്‍ ഇന്ത്യയ്ക്കെതിരെ 184 റണ്‍സെന്ന വലിയ ടോട്ടലാണ് ആതിഥേയര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യയ്ക്ക് 99 റണ്‍സാണ് നേടാനായത്. 19.1 ഓവറില്‍ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.
ഇന്ത്യയ്ക്ക് ഈ ടൂര്‍ണ്ണമെന്റില്‍ എന്നും മികച്ച തുടക്കം നല്‍കിയ ഷഫാലി വര്‍മ്മ പരാജയപ്പെട്ടപ്പോള്‍ തന്നെ 185 റണ്‍സെന്ന മഹാ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ കാര്യങ്ങള്‍ കഷ്ടത്തിലായിരുന്നു. ടീമിലെ പ്രധാന വെടിക്കെട്ട് താരങ്ങളായ സ്മൃതി മന്ഥാന, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ ദുഷ്കരമായി.
വേദ കൃഷ്ണമൂര്‍ത്തിയും ദീപ്തി ശര്‍മ്മയും ചെറുത്ത്നില്പിനായി ശ്രമിച്ചുവെങ്കിലും അതിനും അധികം ആയുസ്സുണ്ടായിരുന്നില്ല. വേദ കൃഷ്ണമൂര്‍ത്തി 19 റണ്‍സും ദീപ്തി ശര്‍മ്മ 33 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 18 റണ്‍സ് നേടിയ റിച്ച ഘോഷ് ആണ് ഇന്ത്യന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം.
ഓസ്ട്രേലിയയ്ക്കായി മെഗാന്‍ ഷൂട്ട് നാലും ജെസ്സ് ജോനൊസ്സെന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.