ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ റഡാറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, താരത്തെ സ്വന്തമാക്കാന്‍ മറ്റു ടീമുകളും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെ ടീമിലേക്ക് വാഷിംഗ്ടണ്‍ സുന്ദര്‍ എത്തിയത് മുതലാണ് ടീമിന്റെ കളി തന്നെ മാറിയതെന്ന് പറയാവുന്നതാണ്. താരത്തിന്റെ ഓള്‍റൗണ്ട് കഴിവ് പൂര്‍ണ്ണമായും പൂനെ ഉപയോഗിച്ചില്ലെങ്കിലും താരം ഓപ്പണിംഗ് ബാറ്റ്സ്മാന്റെ റോളിലാണ് ടിഎന്‍പിഎലിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും തിളക്കമാര്‍ന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ടിഎന്‍പിഎലില്‍ ടൂട്ടി പാട്രിയറ്റ്സിനു വേണ്ടി പലപ്പോഴും സ്ഫോടനാത്മകമായ തുടക്കമാണ് നല്‍കിയത്. ഈ കഴിഞ്ഞ സീസണില്‍ ഒരു ശതകവും താരം ടൂട്ടി പാട്രിയറ്റ്സിനു വേണ്ടി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താരത്തിനെ ലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ചാമ്പ്യന്‍ സ്പിന്നര്‍ അശ്വിനു പരിക്കേറ്റത്തോടെ സുന്ദറിനോട് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഐപിഎല്‍ കരാര്‍ ലഭിച്ച താരം മികച്ച സ്പെല്ലുകളാണ് ടൂര്‍ണ്ണമെന്റില്‍ പലപ്പോഴായി പുറത്തെടുത്തത്.

ടിഎന്‍പിഎല്‍ 2017 സീസണില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുലര്‍ത്തിയ താരം പിന്നീട് രഞ്ജി ട്രോഫിയിലും മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏറെ വൈകാതെ ഇന്ത്യന്‍ ടീമിലേക്കും താരത്തിനു സ്ഥാനം ലഭിച്ചു. കേധാര്‍ ജാഥവിനു പരിക്കേറ്റപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ടീമില്‍ ഉള്‍പ്പെടുകയായിരുന്നു. ആഴ്ചകളുടെ വ്യത്യാസത്തില്‍ ടി20യിലും ഏകദിനത്തിലും അരങ്ങേറ്റം കുറിക്കാന്‍ താരത്തിനു സാധിച്ചിരുന്നു.

ഈ സീസണില്‍ ലേലത്തിലൂടെ താരത്തെ സ്വന്തമാക്കുവാന്‍ മുന്‍ പന്തിയിലുണ്ടാവുക ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെയാവുമെന്ന് വേണം കരുതാന്‍. പ്രാദേശിക താരങ്ങളെ സ്വന്തമാക്കുക എന്ന നയം ചെന്നൈ നടപ്പിലാക്കുകയാണെങ്കില്‍ അശ്വിന്‍, ബദ്രിനാഥ്, മുരളി വിജയ് എന്നീ തമിഴ്നാട് താരങ്ങള്‍ മുമ്പ് കളിച്ചിട്ടുള്ളത് പോലെ ഇത്തവണ നറുക്ക് വീഴുക വാഷിംഗ്ടണ്‍ സുന്ദറിനാവും. ടീമില്‍ ഓള്‍റൗണ്ടറായി കളിക്കേണ്ടി വരികയില്ലെങ്കിലും താരത്തിന്റെ ബാറ്റിംഗ് കഴിവ് ചെന്നൈയ്ക്ക് ടൂര്‍ണ്ണമെന്റില്‍ ഉപകാരമാകുമെന്നും വിലയിരുത്തലുണ്ട്.

എന്നാല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ അത്ര അനായാസകരമാകില്ല. വാഷിംഗ്ടണ്‍ സുന്ദറിനു വേണ്ടി ഈ ഐപിഎലില്‍ ലേല യുദ്ധം തന്നെ നടക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍. കുറച്ചധികം പൈസ ചെലവാക്കിയാല്‍ മാത്രമേ ആര്‍ക്ക് തന്നെയായാലും താരത്തിനെ ടീമിലെത്തിക്കാനാകുള്ളു എന്നത് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial