ഓബ്മയാങ്ങ് ഇനി ഗണ്ണർ

noufal

ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ പിയറി എമെറിക് ഓബ്മയാങ്ങ് ഇനി ആഴ്സണലിന് വേണ്ടി കളിക്കും. ക്ലബ്ബ് റെക്കോർഡ് തുകയ്ക്കാണ് ഗണ്ണേഴ്‌സ് താരത്തെ ലണ്ടനിൽ എത്തിച്ചത്. ഏതാണ്ട് 60 മില്യൺ പൗണ്ടിനാണ് കരാർ. അലക്‌സി സാഞ്ചസ് ക്ലബ്ബ് വിട്ടതോടെ ഒരു അറ്റാക്കിങ് കളിക്കാരനെ ആവശ്യമായി വന്നതോടെയാണ് ആഴ്സണൽ ഗാബോണ് രാജ്യാന്തര താരം കൂടിയായ പിയറി എമെറിക് ഓബ്മയാങ്ങിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. ആഴ്സണലിന്റെ ആദ്യത്തെ രണ്ടു വാഗ്ദാനങ്ങൾ നിരസിച്ച ഡോർട്ട്മുണ്ട് 60 മില്യൺ നൽകാൻ ആഴ്സണൽ തയ്യാറായതോടെ തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2021 വരെയാണ് താരത്തിന് ആഴ്സണൽ നൽകിയിരിക്കുന്ന കരാർ.

സമ്മറിൽ തന്നെ താരം ഡോർട്ട് മുണ്ട് വിടുന്നെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും താരം ജർമനിയിൽ തന്നെ തുടരുകയായിരുന്നു. പക്ഷെ അച്ചടക്കത്തിലെ പിഴവുകൾ താരം ആവർത്തിച്ചതോടെ ക്ലബ്ബ് രണ്ടു തവണ താരത്തിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു.
മിലാനിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം സെയ്ന്റ് എറ്റിനെ, ലില്ലെ, മൊണാക്കോ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2013 ഇൽ ഡോർട്ട് മുണ്ടിൽ എത്തിയ താരം ഇതുവരെ ക്ലബ്ബിനായി 141 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial