ഇന്ത്യൻ സൂപ്പർ ലീഗിലെ എവേ ആരാധകർക്ക് നേരെ വീണ്ടും മോശം പെരുമാറ്റം വന്നതിനു പിറകെ നടപടികളുമായി ഗോവ എഫ്.സി. കഴിഞ്ഞ ദിവസം നടന്ന പൂനെ സിറ്റി – ഗോവ മത്സരത്തിനിടെയാണ് പൂനെ ആരാധകർക്ക് നേരെ ഒരു പറ്റം ഗോവൻ ആരാധകർ മോശമായി പെരുമാറ്റം നടത്തിയെന്നാണ് ആരോപണം. കുറ്റക്കാരെ കണ്ടു പിടിച്ച് പോലീസും സെക്യൂരിറ്റി ഗാർഡും ചേർന്ന് അപ്പോൾ തന്നെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയെന്നും എഫ്.സി ഗോവ അറിയിച്ചു.
നേരത്തെ പൂനെ സിറ്റിയുടെ ആരാധക സംഘമാണ് ഇൻസ്റ്റാഗ്രാമിൽ ഗോവ ഫാൻസിന്റെ അടുത്ത് നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് പ്രതികരിച്ചത്. എവേ ഫാൻസിന്റെ സ്റ്റാൻഡിൽ ഗോവൻ ആരാധകർ സ്ത്രീകളടക്കമുളളവരെ അപമാനിക്കുകയും ചെയ്‌തെന്നും ഓറഞ്ച് ആർമി ഇൻസ്ട്രഗ്രാമിൽ പറഞ്ഞു.
ഇതിനെ തുടർന്ന് എഫ്.സി ഗോവ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടിയെടുകയും ചെയ്തതായി അറിയിച്ചു. പൂനെ സിറ്റിയുടെ ആരാധക സംഘമായ ഓറഞ്ച് ആർമിയോട് മാപ്പു പറയുകയും ചെയ്തിരുന്നു. സംഭവ വികാസങ്ങളെ തുടർന്ന് എവേ ഫാൻസിന്റെ സ്ഥലം ഈസ്റ്റ് അപ്പർ സ്റ്റാൻഡിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അടക്കം നിരവധി ആരാധകർ ഇങ്ങനെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.