കളത്തിലേക്കുള്ള തിരിച്ചു വരവിൽ പരാജയം ഏറ്റു വാങ്ങി ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. കളിമണ്ണ് സീസണിനു തുടക്കമായി മോണ്ടെ കാർലോ ഓപ്പണിൽ കളിക്കാൻ ഇറങ്ങിയ ജ്യോക്കോവിച്ച് അലഹാന്ദ്രോ ഡേവിഡനോവിച് ഫോകിനയോട് 3 സെറ്റ് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ അടിയറവ് പറയുക ആയിരുന്നു. 2021 നു ശേഷം ആദ്യമായാണ് ജ്യോക്കോവിച്ച് തുടർച്ചയായി ഇത് രണ്ടു മത്സരങ്ങൾ തോൽക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ജയം ആയിരുന്നു ഫോകിനക്ക് ഇത്.
ആദ്യ സെറ്റ് 6-4 നു നേടിയ സ്പാനിഷ് താരം ജ്യോക്കോവിച്ചിന് മുന്നറിയിപ്പ് നൽകി. എന്നാൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച്ച് മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റിൽ സെർബിയൻ താരത്തെ തീർത്തും അപ്രസക്തമാക്കി ഫോകിന. 6-1 നു സെറ്റ് നേടി താരം കരിയറിലെ ഏറ്റവും വലിയ ജയം കുറിച്ചു. മത്സരത്തിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയ ഫോകിന 9 തവണയാണ് ജ്യോക്കോവിച്ചിനെ ബ്രൈക്ക് ചെയ്തത്. അതേസമയം ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിയെ 6-3, 6-0 എന്ന സ്കോറിന് തകർത്തു മൂന്നാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.