2022 ൽ ആദ്യമായി ഒരു മത്സരത്തിൽ പരാജയപ്പെട്ടു റാഫേൽ നദാൽ. ഇന്ത്യൻ വെൽസ് ഫൈനലിൽ അമേരിക്കൻ യുവ താരം ഇരുപതാം സീഡ് ടൈയ്ലർ ഫ്രിറ്റ്സ് ആണ് നാലാം സീഡ് ആയ നദാലിനെ അട്ടിമറിച്ചത്. കളിക്കാൻ ഇറങ്ങും മുമ്പ് പരിക്ക് വലച്ച ടൈയ്ലർ ഫ്രിറ്റ്സ് തന്റെ ടീമിന്റെ ഉപദേശം തിരസ്കരിച്ചു വേദന സഹിച്ചാണ് ഫൈനൽ മത്സരം കളിച്ചത്. മറുവശത്ത് നദാലും പരിക്കിന് പിടിയിൽ ആയിരുന്നു, ഈ വർഷം തുടർച്ചയായി 20 മത്സരങ്ങൾ ജയിച്ച നദാൽ കളിയിൽ തനിക്ക് വേദന സഹിക്കാൻ ആയിരുന്നില്ല എന്നു പിന്നീട് പറഞ്ഞു. പരിക്ക് എന്നു മാറും എന്നു അറിയില്ല എന്നും നദാൽ പറഞ്ഞു. അതേസമയം ഫ്രിറ്റ്സും അതി കഠിനമായ വേദന സഹിച്ചു ആണ് കളിച്ചത്.
ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ഫ്രിറ്റ്സ് മത്സരത്തിൽ ആധിപത്യം കണ്ടത്തി 3-0 നു മുന്നിലെത്തിയ ഫ്രിറ്റ്സ് സെറ്റ് 6-3 നു സ്വന്തമാക്കി മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ പോരാട്ടം കൂടുതൽ കടുത്തു. ടൈബ്രേക്കറിലേക്ക് പോയ സെറ്റ് പക്ഷെ സ്വന്തമാക്കിയ അമേരിക്കൻ യുവ താരം കിരീടം ഉയർത്തുക ആയിരുന്നു. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയ ഫ്രിറ്റ്സ് നാലു തവണ നദാലിനെ ബ്രൈക്ക് ചെയ്തു. 2011 ൽ ജ്യോക്കോവിച്ചിനു ശേഷം ഇന്ത്യൻ വെൽസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഫ്രിറ്റ്സ്. 2006 നു ശേഷം മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരവും ഫ്രിറ്റ്സ് ആണ്. 2001 നു ശേഷം ഇന്ത്യൻ വെൽസ് കിരീടം നേടുന്ന അമേരിക്കൻ താരവും ആണ് ഫ്രിറ്റ്സ്. സമീപകാലത്ത് പുരുഷ ടെന്നീസിൽ വളരെ പിന്നിൽ പോയ അമേരിക്കക്കു പ്രതീക്ഷയാണ് ഫ്രിറ്റ്സ് എന്നതിൽ സംശയം ഇല്ല.