ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് അവരുടെ നില മെച്ചപ്പെടുത്തുകയാണ്. ഇന്നത്തെ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ലീഡ് പത്തു പോയിന്റാക്കി ഉയർത്തി. ഇന്ന് ആവേശകരമായ പോരാട്ടത്തിൽ കാദിസിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം.
ഇരട്ട ഗോളുകളുമായി സുവാരസ് ഇന്നും അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായി മാറി. മത്സരത്തിന്റെ 28ആം മിനുട്ടിൽ ആയിരുന്നു സുവാരസിന്റെ ആദ്യ ഗോൾ. ഇതിനു പിന്നാലെ 35ആം മിനുട്ടിൽ നെഗ്രെഡോ അത്ലറ്റിക്കോക്ക് എതിരെ ഒരു ഗോൾ മടക്കി സമനില നേടി. പിന്നീട് കൂടുതൽ ആക്രമിച്ചു കളിച്ച അത്ലറ്റിക്കോ 44ആം മിനുട്ടിൽ സോളിലൂടെ ലീഡ് തിരികെയെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ സുവാരസ് മൂന്നാം ഗോളും നേടി. സുവാരസിന്റെ ലീഗിലെ ഈ സീസണിലെ 14ആം ഗോളായിരുന്നു ഇത്. 88ആം മിനുട്ടിൽ കൊകെയിലൂടെ അത്ലറ്റിക്കോയുടെ വിജയം ഉറപ്പിച്ച നാലാം ഗോളും നേടി. ഈ വിജയത്തോടെ 19 മത്സരങ്ങളിൽ 50 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ ഒമ്പതാം വിജയമാണ്. രണ്ടമാതുള്ള റയൽ മാഡ്രിഡിനേക്കാൾ 10 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്. റയലിനേക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത്.