ഇന്ന് മാഡ്രിഡിൽ എല്ലാം നൽകി പോരാടി എങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ ആയില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് അത്ലറ്റിക്കോ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ആദ്യ പാദത്തിൽ 1-0ന് വിജയിച്ചതാൽ തന്നെ സിറ്റി 1-0ന്റെ അഗ്രിഗേറ്റ് സ്കോറിൽ സെമി ഫൈനലിലേക്ക് മുന്നേറി. സെമിഫൈനലിൽ റയൽ മാഡ്രിഡ് ആകും മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.
ഇന്ന് മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ അത്ലറ്റിക്കോ മാഡ്രിഡ് കാര്യമായ സമ്മർദ്ദം സിറ്റിക്ക് നൽകിയില്ല. സിറ്റിയും ആദ്യ പകുതിയിൽ അവസരം സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിലാണ് കളിക്ക് ചൂടു പിടുച്ചത്. രണ്ടാം പകുതിയിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ ആണ് അത്ലറ്റിക്കോ മാഡ്രിഡ് നടത്തിയത്. നിരവധി മുന്നേറ്റങ്ങൾ അവർ നടത്തി എങ്കിലും സിറ്റി ഡിഫൻസ് ഉറച്ചു നിന്നു. ഗ്രീസ്മന്റെ ഒരു ഷോട്ട് പോസ്റ്റിന് ഉരുമ്മി പോയതായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ മികച്ച അവസരം.
അത്ലറ്റിക്കോ മാഡ്രിഡ് അവസാന നിമിഷങ്ങളിൽ ലൂയിസ് സുവാരസിനെയും ഇറക്കി നോക്കി എങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളിൽ ഫിലിപെ ചുവപ്പ് കണ്ട് പുറത്തായത് അത്ലറ്റിക്കോയുടെ പോരാട്ടത്തെ ബാധിച്ചു. എന്നിട്ടും അവസാന വിസിൽ വരെ അവർ പൊരുതി. എങ്കിലും 180 മിനുട്ടിലധികം കളിച്ചിട്ടും ഒരു ഗോൾ നേടാൻ ആയില്ല എന്ന സിമിയോണിയുടെ ടീമിന് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു.