ഐ എസ് എല്ലിന് ഇന്ന് കിക്കോഫ്, ജയത്തോടെ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിന്റെ അഞ്ചാം സീസണ് ഇന്ന് തുടക്കമാകും. കൊൽക്കത്ത സാൾട് ലേക് സ്റ്റേഡിയത്തിൽ എ ടി കെ കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാകും ഐ എസ് എൽ സീസണ് തുടക്കമാവുക. കഴിഞ്ഞ സീസണിൽ വേണ്ടത്ര മികവ് പുലർത്താൻ കഴിയാത്ത രണ്ട് ടീമുകൾ എന്നതു കൊണ്ട് തന്നെ മികച്ച രീതിയിൽ സീസൺ തുടങ്ങാനാകും ഇരുടീമുകളും ഇന്ന് നോക്കുക.

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ കീഴിലാണ് എ ടി കെ കൊൽക്കത്ത ഇത്തവണ ഇറങ്ങുന്നത്. ലാൻസരോട്ടെ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ മികവ് തെളിയിച്ച മികച്ച വിദേശ താരങ്ങളെ ടീമിൽ എത്തിച്ച എ ടി കെ ഇത്തവണ കൂടുതൽ ശക്തമാണ്. തന്റെ പതിവ് ശൈലി വിട്ട് ആക്രമണ ഫുട്ബോൾ ടാക്ടിക്സിലേക്ക് പോകും എന്ന് സ്റ്റീവ് കോപ്പം പറഞ്ഞത് ടീമിൽ മികച്ച അറ്റാക്കിംഗ് താരങ്ങൾ ഉണ്ട് എന്ന ബലത്തിലാണ്.

മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കരുതലോടെയാണ് ടീം ഒരുക്കിയിരിക്കുന്നത്. വമ്പൻ പേരുകൾക്കല്ല ടീമിനോട് ചേർന്ന് കളിക്കാൻ കഴിവുള്ള താരങ്ങൾക്കാണ് ഡേവിഡ് ജെയിംസ്‌ ഇത്തവണ ട്രാൻസ്ഫറിൽ മുൻതൂക്കം കൊടുത്തത്. കഴിഞ്ഞ തവണ തകർന്നു കിടക്കുന്നെടുത്ത് നിന്ന് ടീമിനെ ഏറ്റെടുത്ത ജെയിംസ് അതിനു ശേഷം അത്ഭുതങ്ങൾ തന്നെ കാണിച്ചിരുന്നു. ജെയിംസിന്റെ കീഴിൽ ഇത്തവണ സ്ഥിരതയാർന്ന് പ്രകടനൻ കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

പ്രീസീസണിൽ കളിച്ചത് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളുടെ പ്രകടനമാകും ഏവരും ഉറ്റുനോക്കുന്നത്. ഡിഫൻസിൽ അനസ് എടത്തൊടിക ഉണ്ടാകില്ല എന്നത് കേരളത്തിന് തിരിച്ചടിയാണ്. വിലക്ക് നേരിടുന്ന അനസിന് ആദ്യത്തെ മൂന്ന് മത്സരങ്ങളും നഷ്ടമാകും. അനസ് ഇല്ലായെങ്കിലും നാല് മലയാളി താരങ്ങൾ എങ്കിലും മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ വില്ലന്മാരായ എ ടി കെയെ തോൽപ്പിച്ച് കൊണ്ട് തുടങ്ങിയാൽ അത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇരട്ടി മധുരമാകും. രണ്ട് ഫൈനലുകളിൽ എ ടി കെയോട് പരാജയപ്പെട്ടായിരുന്നു കേരളം കിരീടം കൈവിട്ടത്. ഇന്ന് രാത്രി 7.30നാണ് മത്സരം. ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാർ സ്പോർട്സിലും കളി തത്സമയം കാണാം.