ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; ഇന്ത്യക്ക് തോൽവി തുടക്കം

Nihal Basheer

20230919 192028
Download the Fanport app now!
Appstore Badge
Google Play Badge 1

പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കളത്തിൽ ഇറങ്ങിയ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ചൈനയുമായി നടന്ന പോരാട്ടത്തിൽ, ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ദീർഘ നാളുകൾക്ക് ശേഷം ഏഷ്യൻ ഗെയിംസ് ഫുട്ബോളിനെത്തിയ ഇന്ത്യ തോൽവി അറിഞ്ഞത്. രാഹുൽ കെപി ഇന്ത്യയുടെ ഒരേയൊരു ഗോൾ കണ്ടെത്തി. ബംഗ്ലാദേശ്, മ്യാന്മാർ എന്നിവരെയാണ് ഇന്ത്യ തുടർന്ന് നേരിടാൻ ഉള്ളത്.

Rahul kp celebration
Rahul kp goal celebration

സീനിയർ താരങ്ങൾ ആയ ഛേത്രിയേയും ജിങ്കനെയും ആദ്യ ഇലവനിൽ അണി നിരത്തിയാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്. രാഹുൽ കെപി മധ്യനിരയിൽ എത്തി. കൃത്യമായ പരിശീലന സെഷന്റെ അഭാവം ഇന്ത്യയുടെ പ്രകടനത്തിൽ നിഴലിച്ചു. പ്രമുഖ താരങ്ങൾ ഒന്നും ഇല്ലാതെ എത്തിയിട്ടും പലപ്പോഴും മികച്ച നീക്കങ്ങൾ മേനഞ്ഞെടുക്കാനും ടീമിനായി. ആറാം മിനിറ്റിൽ തന്നെ ഒരു ഹെഡർ അവസരം സേവ് ചെയ്തു കൊണ്ട് ഗുർമീത് ഇന്ത്യയുടെ രക്ഷക്കെത്തി. എതിർ താരത്തിൽ നിന്നും പന്ത് കൈക്കലാക്കി ഛേത്രി സൃഷ്‌ടിച്ച അവസരത്തിൽ പക്ഷെ ഇന്ത്യൻ ക്യാപ്റ്റന്റെ ഷോട്ട് ലക്ഷ്യം കണ്ടില്ല. 16ആം മിനിറ്റിൽ ചൈന ലീഡ് എടുത്തു. കോർണറിൽ നിന്നും ആദ്യ ഹെഡർ ശ്രമം പാളി പന്ത് ഗവോ ത്യാൻയിയുടെ കാലുകളിൽ എത്തിയപ്പോൾ താരത്തിന്റെ ശക്തിയേറിയ ഷോട്ട് വലയിൽ പതിച്ചു. ഇതോടെ ഇന്ത്യ കൂടുതൽ ഉണർന്നു കളിച്ചു. ഗുർമീതിന്റെ ഫൗളിൽ റഫറി ചൈനക്ക് പെനാൽറ്റി അനവധിച്ചു. എന്നാൽ തകർപ്പൻ സേവുമായി ചൈനീസ് ക്യാപ്റ്റൻ സൂ ചെഞ്ചിയുടെ ഷോട്ട് തടുത്ത് ഗുർമീത് തന്നെ രക്ഷക വേഷവും അണിഞ്ഞു. ഛേത്രിയുടെ പാസിൽ നിന്നും റഹീം അലിയും അവസരം കളഞ്ഞു കുളിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ രാഹുൽ കെപിയുടെ വ്യക്തിഗത മികവിലൂടെ ഇന്ത്യ സമനില ഗോൾ കണ്ടെത്തി. വലത് വിങ്ങിൽ മൈതാന മധ്യത്ത് നിന്നും ഉയർത്തി നൽകിയ പാസിലേക്ക് കുതിച്ച മലയാളി താരം ബോക്സിനുള്ളിൽ പന്ത് നിയന്ത്രണത്തിൽ ആക്കാൻ പോലും ശ്രമിക്കാതെ ദുഷകരമായ ആംഗിളിൽ നിന്നും തൊടുത്ത തകർപ്പൻ ഷോട്ട് ചൈനീസ് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. ഇതോടെ സ്‌കോർ തുല്യ നിലയിൽ ആയിക്കൊണ്ട് ആദ്യ പകുതി അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോളുകൾ കണ്ടെത്തി കൊണ്ട് ചൈന മത്സരം കൈക്കലാക്കി. അൻപതാം മിനിറ്റിൽ ഡായ് വെയ്ജുനിന്റെ ലോങ് റേഞ്ചർ ശ്രമം ഗുർമീത്തിനെ കീഴടക്കി വലയിൽ പതിച്ചു. 71ആം മിനിറ്റിൽ ക്വിയാങ്ലോങ് ചൈനയുടെ ലീഡ് വർധിപ്പിച്ചു. വാങ് ഹൈജനിന്റെ ആദ്യ ഷോട്ട് കീപ്പർ തടുത്തെങ്കിലും ഓടിയെത്തിയ താരം ലക്ഷ്യം കാണുകയായിരുന്നു. നാല് മിനിറ്റിനു ശേഷം ജിങ്കന്റെ പിഴവിൽ നിന്നും ലഭിച്ച അവസരവും ചൈന മുതലെടുത്തു. പന്ത് കൈക്കലാക്കിയ പെങ് നൽകിയ പാസിൽ. നിന്നും ക്വിയാങ്ലോങ് തന്നെയാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. നാലാം ഗോൾ വഴങ്ങി എങ്കിലും തോൽവി ഭാരം കുറക്കാൻ തിരിച്ചടിക്കാൻ തന്നെ ആയിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാൽ ഇഞ്ചുറി സമയത്ത് ചൈന അഞ്ചാം ഗോളും കണ്ടെത്തി. ത്രൂ ബോൾ പിടിച്ചത് ബോക്സിന്റെ വലത് ഭാഗത്ത് നിന്നും ഫാങ് ആണ് വല കുലുക്കിയത്.