ഈ ഏഷ്യൻ കപ്പിൽ ചരിത്രങ്ങൾ നിരവധിയാണ് മാറി മറയുന്നത്. ഇന്ന് നിലവിലെ ഏഷ്യൻ കപ്പ് ചാമ്പ്യന്മാരെ നാട്ടിലേക്ക് മടക്കി കൊണ്ട് ആതിഥേയരായ യു എ ഇയാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഏക ഗോളിനായിരുന്നു യു എ ഇയുടെ വിജയം. ചരിത്രത്തിൽ ഇതുവരെ ഓസ്ട്രേലിയക്ക് എതിരെ ഒരു ഗോൾ വരെ അടിക്കാൻ കഴിയാത്ത ടീമായിരുന്നു യു എ ഇ. ആ യു എ ഇയാണ് ഓസ്ട്രേലിയെ തകർത്ത് സെമിയിലേക്ക് കടന്നത്.
ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ വരിഞ്ഞ് കെട്ടികൊണ്ടുള്ള പ്രകടനമാണ് യു എ ഇ ഇന്ന് നടത്തിയത്. സ്വന്തം നാട്ടിൽ കളി നടക്കുന്നതിന്റെ എല്ലാ അനുകൂല ഘടകങ്ങളും മുതലാക്കി ആരാധകരുടെ ഗംഭീര പിന്തുണയോടെ പൊരുതിയാണ് യു എ ഇ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. വളരെ കഠിനമായിരുന്ന മത്സരത്തിൽ ഒരു ബാക്ക് പാസാണ് ഓസ്ട്രേലിയക്ക് വിനയായത്.
ഓസ്ട്രേലിയൻ താരം നൽകിയ ബാക്ക് പാസ് കൈക്കലാക്കിയ അലി മബ്കൂതിന് പന്ത് വലയിലേക്ക് തിരിച്ചുവിടാൻ വലിയ പണിയെടുക്കേണ്ടി വന്നില്ല. ഓസ്ട്രേലിയൻ കീപ്പർ മാറ്റ് റയാനു വരെ രക്ഷിക്കാൻ കഴിയാത്ത തരത്തിലുള്ള ബാക്ക് പാസ് ആയിരുന്നു അവിടെ പിറന്നത്. അലി മബ്കൂതിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്.
ആ ഒരു ഗോൾ മാത്രം മതിയായിരുന്നു യു എ ഇക്ക് പൊരുതാൻ. അവസാന നിമിഷം വരെ ജീവൻ മരണ പോരാട്ടം തന്നെ നടത്തിയാണ് യു എ ഇ സെമി ഫൈനലിലേക്ക് കടന്നത്. സെമി ഫൈനലിൽ ഖത്തറിനെ ആകും യു എ ഇ നേരിടുക.