സൗത്താംപ്ടണ്‍ ടെസ്റ്റില്‍ നിറം മങ്ങിയ രവിചന്ദ്രന്‍ അശ്വിനു എവിടെയാണ് പിഴച്ചതെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം എരപ്പള്ളി പ്രസന്ന. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ അശ്വിനു രണ്ടിന്നിംഗ്സുകളിലായി 3 വിക്കറ്റ് മാത്രം ലഭിച്ചപ്പോള്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോയിന്‍ അലി 9 വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. 86/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ സാം കറന്‍ രക്ഷപ്പെടുത്തുമ്പോള്‍ അശ്വിനു യാതൊരു വിധ പ്രഭാവവുമുണ്ടാക്കുവാന്‍ സാധിക്കാതെ പോകുകയായിരുന്നു. ആ ഘട്ടത്തില്‍ ഇംഗ്ലണ്ട് വാലറ്റത്തെ ചുരുട്ടിക്കെട്ടുവാന്‍ ഇന്ത്യയുടെ പരിചയ സമ്പന്നനായ സ്പിന്നര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ടെസ്റ്റിലെ ഫലം മറ്റൊന്നായേനെ.
ബാറ്റ്സ്മാനെ ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിക്കാതിരുന്നതാണ് അശ്വിന്റെ പരാജയത്തിനു കാരണമെന്നാണ് പ്രസന്ന പറയുന്നത്. ഇത്തരത്തിലുള്ള വിക്കറ്റില്‍ എത്തരത്തിലുള്ള ഫീല്‍ഡ് സെറ്റ് ചെയ്യണമെന്ന് അശ്വിന്‍ കുറച്ച് കൂടി മികച്ചതായി അറിഞ്ഞിരിക്കേണ്ടതുണ്ടായിരുന്നു. ഇത്തരത്തിലൊരു പിച്ചില്‍ നിങ്ങള്‍ അധികമായി ഒന്നും ചെയ്യേണ്ടതില്ല. പരുക്കന്‍ പ്രതലത്തില്‍ പന്തെറിഞ്ഞ് ബാറ്റ്സ്മാന്മാരെ ഡ്രൈവിനു പ്രേരിപ്പിക്കുക എന്ന അടിസ്ഥാന തത്വം മാത്രം പാലിച്ചാല്‍ മതിയായിരുന്നുവെന്ന് പ്രസന്ന അഭിപ്രായപ്പെട്ടു.
രണ്ടാം ഇന്നിംഗ്സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് അശ്വിനായിരുന്നുവെങ്കിലും 35ലധികം ഓവര്‍ എറിഞ്ഞ അശ്വിനു ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഇതിനു പുറമേ ട്രെന്റ് ബ്രിഡ്ജില്‍ തന്നെ പരിക്കേറ്റ താരം പരിക്കിനെ മറച്ച് വെച്ചാണ് സൗത്താംപ്ടണില്‍ ഇറങ്ങിയതെന്ന ചോദ്യവും ഒരുവശത്ത് നിന്ന് ഉയരുന്നുണ്ട്. പൂര്‍ണ്ണമായും ഫിറ്റല്ലാതിരുന്ന താരം ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം നഷ്ടമാകുമോയെന്ന ഭയത്തിലാണ് സൗത്താംപ്ടണില്‍ കളിച്ചതെന്നുള്ള തരത്തിലുള്ള വാദം പലയിടത്ത് നിന്നും കേള്‍ക്കുന്നുണ്ട്.
ബാറ്റ്സ്മാന്മാരെ ഫ്രണ്ട് ഫുട്ടില്‍ കളിക്കുവാന്‍ പ്രേരിപ്പിച്ചതിനാലാണ് മോയിന്‍ അലിയ്ക്ക് കൂടുതല്‍ മികവ് ലഭിച്ചത്. ബാക്ക് ഫുട്ടില്‍ അല്ല സ്പിന്നര്‍മാര്‍ ബാറ്റ്സ്മാനെ ഫ്രണ്ട് ഫുട്ടിലാണ് കളിക്കുവാന്‍ ശ്രമിക്കേണ്ടത്. ആ അടിസ്ഥാന തത്വം ഇത്രയും പരിചയ സമ്പന്നനായ താരം മറന്നുവെന്നത് അതിശയിപ്പിക്കുന്നുവെന്നും പ്രസന്ന കൂട്ടിചേര്‍ത്തു.