ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സ്വന്തം മൈതാനത്ത് തോൽവി വഴങ്ങുക എന്ന ചീത്തപ്പേര് ഒഴിവാക്കി എ.എസ് റോമ. ഇന്ന് ടൊറീനക്ക് എതിരെ അവസാന മിനിറ്റിലെ ഗോളിൽ റോമ സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും ഏതാണ്ട് എല്ലാ നിലയിലും തുല്യത പാലിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ടൊറീന സിൻഗോയുടെ ക്രോസിൽ നിന്നു കരോൾ ലിനറ്റി നേടിയ ഹെഡർ ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്തി.
ഡിബാല, ആന്ദ്ര ബെലോറ്റി എന്നിവരെ കളത്തിൽ ഇറക്കിയ മൗറീന്യോ സമനിലക്ക് ആയി ടീമിനോട് പൊരുതാൻ ആവശ്യപ്പെട്ടു. ഇഞ്ച്വറി സമയത്ത് ഡിബാലയെ വീഴ്ത്തിയതിനു 92 മത്തെ മിനിറ്റിൽ റോമക്ക് പെനാൽട്ടി ലഭിച്ചു. എന്നാൽ പെനാൽട്ടി എടുത്ത ബെലോറ്റിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് റോമക്ക് നിരാശ നൽകി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ഡിബാലയുടെ ഉഗ്രൻ ഷോട്ട് ബാറിൽ ഇടിച്ചു തെറിച്ചു. എന്നാൽ ഈ ബോൾ പിടിച്ചെടുത്ത മാറ്റിച് ബോക്സിന് പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ റോമക്ക് ഒരു പോയിന്റ് സമ്മാനിച്ചു. നിലവിൽ ലീഗിൽ റോമ ഏഴാം സ്ഥാനത്തും ടൊറീന ഒമ്പതാം സ്ഥാനത്തും ആണ്. ഇടക്ക് റഫറിയോട് കയർത്ത റോമ പരിശീലകൻ ജോസെ മൊറീന്യോ ചുവപ്പ് കാർഡ് കണ്ടതും മത്സരത്തിൽ കാണാൻ ആയി.