2022 ലെ കോമണ് വെൽത്ത് ഗെയിംസിന് ഇന്നലെ തിരശീല വീണു. ബമിംഹാമിൽ വച്ച് നടന്ന ഇത്തവണത്തെ ഈ കായിക മാമാങ്കം ഇന്ത്യൻ ജനതക്ക് വലിയ ആഹ്ലാദമാണ് നൽകിയത്.
ട്രാക്ക് ആൻഡ് ഫീൽഡിൽ, സ്റ്റീപ്പിൾ ചേസിൽ നൈജീരിയ കഴിഞ്ഞ 6 ഗെയിംസിൽ നിലനിർത്തി പോന്ന കുത്തക ഇന്ത്യയുടെ അവിനാശ് സാബ്‌ളെ പൊളിച്ചതും, ട്രിപ്പിൾ ജമ്പിൽ കേരളത്തിൽ നിന്നുള്ള എൽദോസും അബ്ദുള്ളയും നേടിയ മെഡലുകളും, ജാവലിനിൽ അന്നു റാണി നേടിയ മെഡലും വലിയ ആവേശമായി.
ബോക്സിങ്, ഗുസ്തി, ഭാരോദ്വഹനം, ടേബിൾ ടെന്നീസ്, ബാഡ്മിന്റൻ തുടങ്ങിയ കായിക വിഭാഗങ്ങൾ ഇന്ത്യൻ കളിക്കാർ അടക്കിവാണു എന്നു പറയേണ്ടിയിരിക്കുന്നു. ഹോക്കിയിലും, ക്രിക്കറ്റിലും മെഡലുകൾ നേടിയെങ്കിലും, അവസാന നിമിഷങ്ങളിൽ ഏറ്റ തിരിച്ചടികൾ താൽക്കാലികമാണെന്നു ആശ്വസിക്കാം.
മൊത്തം 61 മെഡലൽ നേടിയ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചത് വലിയ കാര്യം തന്നെ. മെഡലുകളുടെ എണ്ണത്തിൽ ഇതിലും കൂടുതൽ മെഡലുകൾ നേടിയ വർഷങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷെ ഇത്തവണ വിജയിച്ച മേഖലകളിൽ നേടിയ ആധിപത്യം വലുതാണ്.
മെഡൽ നേടുന്ന കളിക്കാരേയും അവരുടെ കുടുംബങ്ങളെയും പത്രക്കാരും ചാനലുകാരും പൊതിയുമ്പോൾ, അവരുടെ ആഹ്ലാദം നമ്മളിലേക്കും പടരുന്നു. ഓരോ കളിക്കാരന്റെ കഥയിലും ദൃഢനിശ്ചയത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, ത്യാഗത്തിന്റെയും ഏടുകൾ ഒരുപാട് പറയാനുണ്ടാകും. അവ കേട്ട് നമ്മൾ ഈ ആഹ്ലാദ നിമിഷങ്ങളിൽ കണ്ണീരണിയും.
ഭൂരിഭാഗം കളിക്കാരുടെയും കഥകളിൽ കുടുംബത്തിൻ്റെ ദാരിദ്ര്യവും കഷ്ടപ്പാടും കടന്നു വരുന്നത് കാണാം. ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിയാൻ മോഹവുമായി ഈ കളിക്കാർ അധികാരികളുടെ പടിക്കൽ വരി നിൽക്കേണ്ടി വരുന്നതും, അപമാനങ്ങൾ ഏറ്റ് വണ്ടേണ്ടി വരുന്നതുമായ കഥകൾ നാം കേൾക്കാറുണ്ട്. പരിശീലനത്തിന്, താമസത്തിന്, ഭക്ഷണത്തിന് ഇവയ്ക്കെല്ലാം വേണ്ട സൗകര്യങ്ങൾക്ക് വേണ്ടി കളിക്കാർ കെഞ്ചുന്ന കാഴ്ചകളാണ് ഇന്നും പതിവ്. ഇത്രയെല്ലാം ബുദ്ധിമുട്ടി രാജ്യത്തിന് വേണ്ടി മെഡൽ നേടുന്ന കയികതാരങ്ങളെ നമിക്കുകയാണ് വേണ്ടത്.
എന്തു കൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിലും നമ്മുടെ രാജ്യത്ത് കളിക്കാർ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്? രാജ്യത്തിന് മറ്റേത് മേഖലയേക്കാളും കൂടുതലായി യശസ്സ് നൽകിയ കായികതാരങ്ങളെ നമ്മൾ എന്തു കൊണ്ട് മൂന്നാംകിട പൗരന്മാരായി കണക്കാക്കുന്നു? രാജ്യത്തെ സ്പോർട്സ് നയങ്ങളിൽ കാതലായ മാറ്റം വരുത്തുന്നതിന് മുൻപ് കായിക താരങ്ങളോടുള്ള ജനങ്ങളുടെയും ഭരണകൂടത്തിന്റെയും സമീപനത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു.
സ്പോർട്സ് മേഖലയിൽ ഒരു കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കിയെടുത്ത്, പഞ്ചായത്ത് തലത്തിൽ നിന്ന് തന്നെ നിക്ഷേപങ്ങൾ നടത്തി തുടങ്ങണം. സ്‌കൂളുകളിൽ ക്ലാസ്സ്‌റൂമുകൾ മാത്രം മതി എന്ന പഴഞ്ചൻ ചിന്താഗതി മാറ്റണം. ഗ്രാസ്സ്‌റൂട് സ്പോർട്സ് രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുത്താൽ ഇന്നുള്ള നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്താൻ അധികം സമയം വേണ്ട. നമ്മുടെ കായിക താരങ്ങൾ അതിന് തയ്യാറാണ്, രാജ്യം അതിന് തായ്യാറാണോ എന്ന് ഗൗരവത്തോടെ ചിന്തിക്കണം.
Story Highlight: Article on Commonwealth Games 2022